Kottayam Local

ചത്ത പന്നികളെ വില്‍പനയ്ക്ക് കൊണ്ടുവന്ന വാഹനം പിടികൂടി

കോട്ടയം: വൈക്കത്ത് ഇറച്ചി വില്‍പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്നു ചത്ത പന്നികളെ കൊണ്ടുവന്ന ലോറി നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു തമിഴ്‌നാട് സ്വദേശികളെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. മുരുകന്‍, ശങ്കര്‍, തമിഴരശന്‍ എന്നിവര്‍ക്കെതിരേയാണ് വൈക്കം പോലിസ് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നു കടുത്ത ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചത്ത പന്നികളെ കണ്ടെത്തിയത്. ഇതര സംസ്ഥാന ലോറിയിലാണ് ചത്തതും അവശനിലയിലായതുമായ അമ്പതിലധികം പന്നികളെ വൈക്കത്തെത്തിച്ചത്. ദുര്‍ഗന്ധം സഹിക്കാനാവാതെ വന്നതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഇവയെ കണ്ടെത്തിയത്.  ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാബു പി മണലൊടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാര്‍, എഐവൈഎഫ് നേതാക്കളായ പി പ്രദീപ്, അഡ്വ. എം ജി രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ലോറിക്കുചുറ്റും തടിച്ചുകൂടി. ഉല്ലലയിലെ വന്‍കിട ഇറച്ചി വില്‍പന കേന്ദ്രത്തിലേക്കാണ് പന്നികളെ കൊണ്ടുവന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇവിടെ നിന്നാണ് കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെ പ്രദേശത്തെ മിക്ക ഇറച്ചി വില്‍പന കേന്ദ്രങ്ങളിലേക്കും മാംസം എത്തിച്ചിരുന്നത്. ഇതിനിടെ പന്നികളെ വാങ്ങാന്‍ എത്തിയ ആളുകളെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഇയാള്‍ വന്ന ബൈക്ക് നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറി. അതേസമയം, വില്‍പനക്കെത്തിച്ച പന്നികളില്‍ ജീവനുള്ളവയില്‍ പലതും രോഗം ബാധിച്ചവയാണെന്ന് കണ്ടെത്തി. എന്നാല്‍ ഉല്ലലയിലെ ഫാമിലേക്കാണ് പന്നികളെ കൊണ്ടുവന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഉടമ പറയുന്നു. ചത്ത പന്നികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടാതെ യഥാര്‍ഥ കാരണം പറയാന്‍ സാധിക്കില്ലെന്ന് ഉദയനാപുരം പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it