Flash News

ചട്ടലംഘനത്തിന് അംഗീകാരം

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിയ എംബിബിഎസ് പ്രവേശനം ക്രമവല്‍ക്കരിക്കുന്നതിനുള്ള കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്ല് നിയമസഭ പാസാക്കി. കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളില്‍ 2016-17 വര്‍ഷങ്ങളില്‍ നടന്ന വിദ്യാര്‍ഥി പ്രവേശനം സാധൂകരിക്കാന്‍ സര്‍ക്കാര്‍  പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിനാണ് പ്രതിപക്ഷ സഹകരണത്തോടെ സഭ അംഗീകാരം നല്‍കിയത്.
ചട്ടം ലംഘിച്ചാണ് രണ്ടു മെഡിക്കല്‍ കോളജുകളും പ്രവേശനം നടത്തിയതെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍, വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രവേശനം ക്രമവല്‍ക്കരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇതിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ബില്ല് നിയമസഭ പാസാക്കിയത്. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ 150 വിദ്യാര്‍ഥികള്‍ക്കും കരുണയിലെ 30 വിദ്യാര്‍ഥികള്‍ക്കും ബില്ലിന്റെ പ്രയോജനം ലഭിക്കും.
മാനേജ്‌മെന്റിന്റേത് തെറ്റായ നടപടിയാണെങ്കിലും വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്താണ് ഇവരുടെ പ്രവേശനം സാധൂകരിക്കാന്‍ നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മാനേജ്‌മെന്റ് കുട്ടികളെ വഞ്ചിക്കുകയായിരുന്നു. ഈ രണ്ടു മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളേക്കാള്‍ നീറ്റ് പട്ടികയില്‍ താഴ്ന്ന റാങ്കുള്ളവര്‍ മറ്റു കോളജുകളില്‍ പഠിക്കുന്നുണ്ടെന്ന കണ്ടെത്തലും നിയമനിര്‍മാണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചു. പ്രവേശന മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ല തുടങ്ങിയ വീഴ്ചകളെ തുടര്‍ന്നാണ് നേരത്തേ പ്രവേശനം റദ്ദാക്കിയിരുന്നത്. ഓരോ വിദ്യാര്‍ഥിക്കും മാനേജ്‌മെന്റ് മൂന്ന് ലക്ഷം രൂപ വീതം ഫീസ് ഒടുക്കണമെന്ന നിബന്ധനയോടെയാണ് പ്രവേശനം ക്രമവല്‍ക്കരിച്ചു നല്‍കിയത്. ഈ ഫീസ് കുട്ടികളില്‍ നിന്ന് ഈടാക്കിയാല്‍ അതു കുറ്റകരമായി കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ബില്ല് അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് പ്രതിപക്ഷത്തെ യുവ എംഎല്‍എ വി ടി ബല്‍റാം ക്രമപ്രശ്‌നമുന്നയിച്ചു. ബില്ല് പച്ചയായ വിദ്യാഭ്യാസക്കച്ചവടത്തെ പിന്തുണയ്ക്കുന്നതാണെന്ന് ബല്‍റാം ആരോപിച്ചു.  എന്നാല്‍, ബല്‍റാമിനെ തള്ളി പ്രതിപക്ഷനേതാവ് രംഗത്തെത്തി. ഭരണപക്ഷവും പ്രതിപക്ഷവും മാനേജ്‌മെന്റുകള്‍ക്കു വേണ്ടി ഒത്തുകളിക്കുകയാണെന്ന ആരോപണം രമേശ് ചെന്നിത്തല തള്ളി. വിദ്യാര്‍ഥികളുടെ ഭാവി ഓര്‍ത്താണ് നിയമനിര്‍മാണവുമായി സഹകരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ബില്ലിനെ അനുകൂലിച്ച പ്രതിപക്ഷ നടപടിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. തലവരിപ്പണം വാങ്ങിയെന്ന ഗുരുതരമായ ആരോപണം നേരിടുന്ന കോളജുകളാണ് കണ്ണൂരും കരുണയും. പരാതി പരിശോധിച്ച ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇതു സ്ഥിരീകരിച്ചിരുന്നു. ഓര്‍ഡിനന്‍സ് നിയമമായ സാഹചര്യത്തില്‍ സുപ്രിംകോടതിയുടെ ഇന്നത്തെ നിലപാട് നിര്‍ണായകമാവും.
Next Story

RELATED STORIES

Share it