ചട്ടങ്ങള്‍ മറികടന്ന് വിദ്യാര്‍ഥിയെ പുറത്താക്കി

എ പി  വിനോദ്
കാസര്‍കോട്: അടിസ്ഥാനരഹിതമായ കാരണമുണ്ടാക്കി മലപ്പുറം മഞ്ചേരി സ്വദേശി കെ അജിത്ത് എന്ന ദലിത് വിദ്യാര്‍ഥിയെ കേന്ദ്ര സര്‍വകലാശാല പുറത്താക്കി. 2017 ഡിസംബര്‍ 6ലെ വിജ്ഞാപനപ്രകാരമാണ് അജിത്ത് സര്‍വകലാശാലയി ല്‍ പ്രവേശനം നേടുന്നത്. സര്‍വകലാശാല ഇറക്കിയ വിജ്ഞാപനത്തില്‍ സിഎസ്‌ഐആറിന്റെ ജൂനിയര്‍ ഫെലോഷിപ്പുള്ളവര്‍ക്കും യുജിസിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുള്ളവര്‍ക്കും ചേരാമെന്നും നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെ പ്രവേശനം നേടാമെന്നുമാണു വ്യക്തമാക്കിയത്.  എന്‍ട്രന്‍സ് പരീക്ഷയില്‍ പൊതുവിഭാഗത്തിന് 50 ശതമാനം മാര്‍ക്കും പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 35 ശതമാനം മാര്‍ക്കും മതിയെന്നാണു നിശ്ചയിച്ചത്. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത 60ഓളം സീറ്റില്‍ എട്ടു വിദ്യാര്‍ഥികള്‍ മാത്രമാണുള്ളത്.
വിജ്ഞാപനത്തിന്റ അടിസ്ഥാനത്തില്‍ 2018 ഫെബ്രുവരി 1നാണ് അജിത്ത് ഇന്റര്‍നാഷനല്‍ റിലേഷന്‍ ആന്റ് പൊളിറ്റിക്‌സില്‍ പിഎച്ച്ഡിക്ക് പ്രവേശനം നേടുന്നത്. ഇതിനിടെ ചട്ടങ്ങള്‍ക്കു വിരുദ്ധമായാണു പ്രവേശനം നല്‍കിയതെന്നു കാണിച്ച് മാര്‍ച്ച് 16ന് അജിത്തിനെ പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ അജിത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പുറത്താക്കിയത് ന്യായീകരിക്കാന്‍ സര്‍വകലാശാല മാര്‍ച്ച് 27, 28 തിയ്യതികളില്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ 2017 ഡിസംബര്‍ 6ലെ വിജ്ഞാപനം റദ്ദാക്കിയതായി വ്യക്തമാക്കുന്നുണ്ട്.
യുജിസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവേശനം നല്‍കിയതെന്നാരോപിച്ചാണ് അജിത്തിനെതിരേ നടപടിയെടുത്തത്. ഈ സര്‍വകലാശാലയില്‍ പ്രവേശനം നേടിയ കാലയളവില്‍ തന്നെ ഹൈദരാബാദിലെ ഇഫ്‌ലുവില്‍ ഫിലിം സ്റ്റഡീസിന് പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍, ഇന്റര്‍നാഷനല്‍ സ്റ്റഡീസ് ഇഷ്ടവിഷയമായതിനാലാണ് പെരിയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ പ്രവേശനം നേടിയത്. സര്‍വകലാശാല പുറത്താക്കുമ്പോള്‍ ആദ്യം പറഞ്ഞ ന്യായീകരണം പ്രവേശനസമയത്തെ  ഇന്റര്‍വ്യൂവില്‍ ഗൈഡ് ഹാജരായില്ലെന്നാണ്. എന്നാല്‍, ഹൈക്കോടതിയില്‍ സര്‍വകലാശാല പറഞ്ഞത് യുജിസി ചട്ടവിരുദ്ധമായാണു പ്രവേശനമെന്നാണ്.
പ്രവേശനം നേടിയ വിദ്യാര്‍ഥിയെ നിയമം ഭേദഗതി ചെയ് ത് പുറത്താക്കുന്ന നടപടി നീതികേടാണെന്നും  സംവരണത്തിന്റെ ലംഘനമാണെന്നും ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റ് അസോഷ്യേറ്റ് പ്രഫ. ഹാനിബാബു പറഞ്ഞു.
Next Story

RELATED STORIES

Share it