Flash News

ചട്ടങ്ങളില്ലാതെ കേരള പോലിസ് : രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കരട് കടലാസില്‍



കൊച്ചി: ആറു വര്‍ഷം മുമ്പ് നടപ്പാക്കിയ കേരള പോലിസ് ആക്ട് ഉപയോഗിച്ച് സര്‍ക്കാര്‍ 2015 ല്‍ രൂപീകരിച്ച കേരള പോലിസ് ചട്ടം ഇനിയും നടപ്പാക്കിയിട്ടില്ല. പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഉപവകുപ്പുകള്‍ ചേര്‍ത്ത് ചട്ടങ്ങളുടെ കരട് രൂപീകരിച്ചത്. കേരള പോലിസ് ആക്ടിലെ 129ാം വകുപ്പ് നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട ചട്ടങ്ങള്‍ നടപ്പാക്കുന്നതിലാണ് സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പിനും വീഴ്ച പറ്റിയത്. ഉടനെ പ്രാബല്യത്തില്‍ വരുമെന്ന് ചട്ടത്തിന്റെ കരടിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും രണ്ടു വര്‍ഷം പിന്നിട്ടിട്ടും ചട്ടങ്ങള്‍ കടലാസില്‍ മാത്രമൊതുങ്ങി. കസ്റ്റഡിയില്‍ എടുക്കുന്ന വ്യക്തികളെ  വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചട്ടത്തിന്റെ കരടില്‍ വ്യക്തമാക്കുന്നു. പ്രത്യേക സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മണിക്കൂറിനു പ്രത്യേക ഫീസ് നല്‍കണം. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും ഈ ഫീസ് പുതുക്കണമെന്നും ചട്ടത്തില്‍ ചൂണ്ടിക്കാട്ടുന്നു. പോലിസിനു കീഴില്‍ ട്രാഫിക് ക്രമീകരണ സമിതി രൂപീകരിക്കണമെന്നാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ട്രാഫിക് ക്രമീകരണ സമിതി രൂപീകരിക്കേണ്ടത്. പോലിസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നാണ് ചട്ടത്തിലെ മറ്റൊരു വ്യവസ്ഥ. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഒരംഗം ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ ഭാരവാഹിത്വം വഹിക്കാന്‍ പാടില്ല. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മേല്‍പ്പറഞ്ഞ തലങ്ങളില്‍ ഭാരവാഹിത്വം വഹിക്കുന്നതിന് തടസ്സമുണ്ടാവില്ലെന്നും കരടില്‍ വ്യക്തമാക്കുന്നു. പോലിസ് അസോസിയേഷനുകളുടെ സമ്മേളനങ്ങള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കാന്‍ പാടില്ലെന്നും നിര്‍ദേശിക്കുന്നുണ്ട്. ചട്ടങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലെ കാലതാമസം മൂലം ചോദ്യം ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരിമിതികളുണ്ട്. വ്യക്തമായ മേല്‍വിലാസമില്ലാത്ത വ്യക്തികള്‍ നല്‍കുന്ന പരാതികള്‍ തള്ളിക്കളയാനുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പോലിസ് ചട്ടം അനുമതി നല്‍കുന്നു. സംസ്ഥാന പോലിസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ സിറ്റിങ് നടത്തുന്നതിന് ചെയര്‍പേഴ്‌സണെ കൂടാതെ കുറഞ്ഞത് രണ്ടംഗങ്ങളെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. ചട്ടം 23ല്‍ പരാമര്‍ശിക്കുന്ന പരാതികള്‍ പ്രാഥമിക പരിഗണനയില്‍ തന്നെ തള്ളിക്കളയാവുന്നതും അത്തരം പരാതികളിന്മേലുള്ള നടപടികള്‍ അവസാനിപ്പിച്ചതായി ഉത്തരവ് പുറപ്പെടുവിക്കാനാവുന്നതാണ്. പരിഗണിക്കുന്നതിന് അര്‍ഹമെന്നു പ്രഥമദൃഷ്ട്യാ കാണുന്ന പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ബന്ധപ്പെട്ട ഏത് ഉദ്യോഗസ്ഥനോടും അതോറിറ്റിക്കു നിര്‍ദേശിക്കാം. റിപോര്‍ട്ട് പരിശോധിച്ചതിനു ശേഷം പരാതിയില്‍ കഴമ്പില്ലെന്നു ബോധ്യപ്പെട്ടാല്‍ നടപടി അവസാനിപ്പിച്ചുകൊണ്ട് അതോറിറ്റിക്ക് ഉത്തരവിടാം. കൂടുതല്‍ അന്വേഷണം ആവശ്യമെന്നു ബോധ്യപ്പെട്ടാല്‍ പരാതിക്കാരനെയും എതിര്‍കക്ഷികളെയും സാക്ഷികളെയും സമന്‍സ് അയച്ചു വരുത്താനും വിസ്തരിക്കാനും അതോറിറ്റിക്ക് അധികാരമുണ്ടെന്നും ചട്ടത്തിന്റെ കരടില്‍ വ്യക്തമാക്കുന്നു. ഇത് ഉള്‍പ്പെടെ കേരള പോലിസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന നിരവധി നിര്‍ദേശങ്ങളടങ്ങിയ കേരള പോലിസ് ചട്ടമാണ് രണ്ടു വര്‍ഷമായി കടലാസില്‍ മാത്രമൊതുങ്ങിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കേരള പോലിസ് ആക്ടിനു കൂടുതല്‍ ശക്തി പകരുന്ന കേരള പോലിസ് ചട്ടങ്ങള്‍ നടപ്പില്‍ വരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനും കേരള ആര്‍ടിഐ ഫെഡറേഷന്‍ പ്രസിഡന്റുമായ അഡ്വ. ഡി ബി ബിനു ഡിജിപി ടി പി സെന്‍കുമാറിനു പരാതി നല്‍കി.
Next Story

RELATED STORIES

Share it