ചടങ്ങുകളും ആഘോഷങ്ങളുമില്ല; മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റി

തിരുവനന്തപുരം: ആഘോഷങ്ങളൊന്നുമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റി. എകെജി സെന്ററിനടുത്തെ ഫഌറ്റില്‍നിന്ന് ഇന്നലെ രാവിലെ 9.30ഓടെയാണ് കുടുംബസമേതം പിണറായി വിജയന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറിയത്. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി തന്നെയാണ് വീടുമാറ്റത്തിന്റെ വിവരം പുറത്തുവിട്ടത്. അധികാരമേറ്റതിന്റെ 17ാം നാളാണ് ഔദ്യോഗിക വസതിയിലേക്കുള്ള മുഖ്യമന്ത്രിയുടെ മാറ്റം. രണ്ടുപതിറ്റാണ്ടോളമായി എകെജി സെന്ററിനടുത്ത ചിന്ത ഫഌറ്റിലായിരുന്നു പിണറായിയുടെ താമസം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ തന്നെ ക്ലിഫ്ഹൗസ് ഒഴിഞ്ഞെങ്കിലും ചെറിയ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പിണറായി ഫഌറ്റില്‍ താമസം തുടരുകയായിരുന്നു.
പാലുകാച്ചും മറ്റ് ചടങ്ങുകളൊന്നുമില്ല. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചതുമില്ല. ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കും പേരക്കുട്ടിക്കുമൊപ്പം ക്ലിഫ്ഹൗസില്‍നിന്നെടുത്ത ചിത്രം മുഖ്യമന്ത്രി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പുതിയ വീട്ടിലേക്ക് താമസം മാറിയതിന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് പായസം വിളമ്പുക മാത്രമാണ് ചെയ്തത്. മന്ത്രിമന്ദിരങ്ങള്‍ ലക്ഷങ്ങള്‍ ചെലവിട്ട് മോടികൂട്ടേണ്ടെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിന് മുഖ്യമന്ത്രി തന്നെ മാതൃകകാട്ടി.
ക്ലിഫ് ഹൗസില്‍ കാര്യമായ നവീകരണപ്രവൃത്തികളൊന്നും ചെയ്തിരുന്നില്ല. മുഴുവന്‍ വെള്ളപൂശുകയും അടുക്കളയും മുറികളുമൊന്ന് വൃത്തിയാക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളത്.
Next Story

RELATED STORIES

Share it