Kottayam Local

ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ 15വരെ കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മാര്‍ക്കറ്റിലെ തൊഴില്‍ത്തര്‍ക്കം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. ഇതിനിടെ മാര്‍ക്കറ്റില്‍ 15 വരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. 75 കിലോയുടെ ലോഡുകള്‍ എടുക്കുന്നതു സംബന്ധിച്ച് ഹൈക്കോടതിയില്‍ വ്യാപാരികള്‍ നല്‍കിയ ഹരജിയില്‍ ഇന്നലെ വിധിയുണ്ടാവുമെന്നു കരുതിയെങ്കിലും കേസില്‍ തൊഴിലാളികള്‍ കൂടി കക്ഷിചേര്‍ന്നതോടെ അവരുടെ കൂടി വാദം കേട്ടശേഷം 15നാവും വിധിയുണ്ടാവുക. അതിനുശേഷമേ ഇനി കടകള്‍ തുറന്നുപ്രവര്‍ത്തിക്കുവെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ അറിയിച്ചു.
75 കിലോ നിറച്ചുവരുന്ന അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എടുക്കില്ലെന്ന് തൊഴിലാളികള്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ മാര്‍ക്കറ്റിലെ കടകള്‍ വ്യാപാരികള്‍ അടച്ചിട്ടിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ചങ്ങനാശ്ശേരി മാര്‍ക്കറ്റിലേക്കു മാത്രമായി 50 കിലോ മാത്രം നിറച്ച് സാധനങ്ങള്‍ എങ്ങനെ എത്തിക്കാനാവുമെന്നും അതുകൊണ്ട് നിലവിലുള്ള ചട്ടം അനുസരിച്ച് 75 കിലോ ചാക്കുകെട്ടുകള്‍ തൊഴിലാളികള്‍ എടുക്കണമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. ഇതിനോട് യോജിക്കാനാവില്ലെന്ന് തൊഴിലാളികളും പറയുന്നു. എന്നാല്‍ 75 കിലോ ചാക്കുകള്‍ എടുക്കണമന്ന് ഡിഎല്‍ഒ ഉത്തരവു പുറപ്പെടുവിച്ചിരുന്നുവെങ്കിലും അതിനു തയ്യാറാകാതിരുന്ന 80 തൊഴിലാളികളെ സസ്‌പെന്റു ചെയ്തിട്ടുണ്ട്. അതിനു പുറമെ മറ്റു ചിലര്‍ക്കുകൂടി സസ്‌പെന്റു ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നുകാണിച്ച് ഡിഎല്‍ഒ നോട്ടീസ് നല്‍കിയതായും അറിയുന്നു. ഈ സാഹചര്യത്തില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ നിന്നും വ്യാപാരികള്‍ വിട്ടു നില്‍ക്കുന്നതോടൊപ്പം ചുമട്ടു തൊഴിലാളികളും വിട്ടു നില്‍ക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയായി തൊഴിലാളികളുടെ നിഷേധാത്മക നിലപാടുകാരണം എട്ടു ലോഡ് പലവ്യജ്ഞനങ്ങള്‍ കെട്ടിക്കിടക്കുന്നതായും വന്‍നഷ്ടം തങ്ങള്‍ക്കു സംഭവിച്ചിട്ടുണ്ടെന്നും വ്യാപാരികളും പറയുന്നു.
Next Story

RELATED STORIES

Share it