Kottayam Local

ചങ്ങനാശ്ശേരി നഗരസഭാ ബജറ്റ് ദീര്‍ഘ വീക്ഷണമില്ലാത്തത്: പ്രതിപക്ഷം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭയില്‍ അവതരിപ്പിച്ച 2016-17 ലെ ബജറ്റ് ആലോചനയും ദീര്‍ഘവീക്ഷണവുമില്ലാത്തതാണെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ വികസനോന്മുഖവും പ്രതീക്ഷയര്‍പ്പിക്കുന്നതുമാണെന്ന് ഭരണകക്ഷിയും.
ബജറ്റിനെക്കുറിച്ചു ഇന്നലെ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചയിലാണ് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. എന്നാല്‍ ഭരണകക്ഷിയിലെ തന്നെ ചില അംഗങ്ങള്‍ ബജറ്റിനെതിരെ സംസാരിച്ചു. ബജറ്റില്‍ കേവലം പദ്ധതികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണുള്ളതെന്നും എന്നാല്‍ ഒന്നിനും ഒരു വ്യക്തതയില്ലെന്നും ഭരണകക്ഷിയില്‍പ്പെട്ട കേരളാ കോണ്‍ഗ്രസ്(എം) നേതാവ് സാജന്‍ ഫ്രാന്‍സിസ് പറഞ്ഞു. വിവിധയിടങ്ങളില്‍ ഹൈമാസ്റ്റ് ലാംപുകള്‍ സ്ഥാപിച്ച് അനാവശ്യമായി പണം ചെലവഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് പിന്‍വലിച്ച് കൂടിയാലോചനയിലൂടെ മറ്റൊരു ബജറ്റു കൊണ്ടുവരണമെന്നു സിപിഎമ്മിലെ ടി പി അജി പറഞ്ഞു. തൊഴിലാളികള്‍ക്കു ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ഓട്ടോകള്‍ക്കു നമ്പരിടുന്നതിനെ അനുകൂലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ ശാക്തീകരണത്തിനു പണം കണ്ടെത്താത്തത് അവരോടുള്ള അവഗണനയാണെന്നും പ്രതിപക്ഷത്തെ സുരേഷ് ബാബു അഭിപ്രായപ്പെട്ടു. ബജറ്റില്‍ പുതുതായി ഒന്നുമില്ലെന്നും ഇത് ബജറ്റെന്നുതന്നെ പറയാനാവില്ലെന്നും പ്രതിപക്ഷ നേതാവ് കൃഷ്മകുമാരി രാജശേഖരന്‍ പറഞ്ഞു. തുടര്‍ന്ന മറ്റു ഭരണ-പ്രതിപക്ഷ അംഗങ്ങളും ചര്‍ച്ചയില്‍പങ്കെടുത്തു. തുടര്‍ന്നു ബജറ്റ് വോട്ടിനിട്ട് പാസാക്കി.
Next Story

RELATED STORIES

Share it