Kottayam Local

ചങ്ങനാശ്ശേരി നഗരത്തില്‍ കഞ്ചാവ് മാഫിയ ശക്തം; വിദ്യാര്‍ഥികള്‍ക്കിടയിലും വില്‍പ്പന

ചങ്ങനാശ്ശേരി: നഗരത്തിലും സമീപ പ്രദേശങ്ങളിലും കഞ്ചാവു മാഫിയാ ശക്തമാവുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നിരവധി കഞ്ചാവ് വില്‍പ്പനക്കാരെയാണ് എക്‌സൈസും ജില്ലാ പോലിസ് മേധാവി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സ്‌ക്വാഡും പിടികൂടിയത്. ചങ്ങനാശ്ശേരിയുടെ അതിര്‍ത്തി പ്രദേശങ്ങളായ വാകത്താനം, തെങ്ങണ, കറുകച്ചാല്‍, വാഴപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി പ്രദേശങ്ങളിലാണ് കഞ്ചാവ് വില്‍പ്പന വ്യാപകമായി നടക്കുന്നത്. ചങ്ങനാശ്ശേരി പെരുന്നയിലെ രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചായിരുന്നു അടുത്തകാലം വരെ വില്‍പ്പന നടന്നിരുന്നതെങ്കില്‍ പോലിസിന്റെ ശക്തമായ ഇടപെടലുണ്ടായപ്പോള്‍ ഇപ്പോള്‍ ഓട്ടോറിക്ഷകള്‍, ബൈപാസ് റോഡ് എന്നിവിടങ്ങളിലേക്ക് കഞ്ചാവ് മാഫിയ താവളംമാറ്റിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കമ്പം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് വന്‍വിലയ്ക്കു ചെറുകിട കച്ചവടക്കാര്‍ക്കു വില്‍ക്കുകയും അവര്‍വഴി വിദ്യാര്‍ഥികള്‍ക്കിടയിലുമാണ് ഇപ്പോള്‍ വിറ്റഴിക്കപ്പെടുന്നത്. ജില്ലയില്‍ ഏറ്റവുമധികം കഞ്ചാവുവേട്ട നടത്തിയ ഓഫിസ് എന്ന ബഹുമതി ചങ്ങനാശ്ശേരി എക്‌സൈസ് ഓഫിസിനു ലഭിച്ചെങ്കിലും ഇപ്പോഴും നഗരത്തില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാണ്. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ബസ്സുകളില്‍ പ്ലാസ്റ്റിക്് കിറ്റുകളിലും ബാഗിലും ഒളിപ്പിച്ചാണ് കഞ്ചാവ് നഗരത്തിലെത്തിക്കുന്നത്. ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് എക്‌സൈസിന്റെ പരിശോധനയുണ്ടെന്ന് മനസ്സിലായതോടെ തൊട്ടടുത്ത സ്ഥലങ്ങളില്‍ ബസ്സിറങ്ങിയ ശേഷം ഓട്ടോയിലും മറ്റുമായി കഞ്ചാവ് നഗരത്തിലെത്തിച്ചു തുടങ്ങി. തുടര്‍ന്ന് വാഹനത്തിലിരുന്നാണ് ചെറുകിട കച്ചവടക്കാര്‍ക്കും ആവശ്യക്കാര്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തിവരുന്നത്. ഇതിനു പുറമേ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വന്‍തോതില്‍ നഗരത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ലക്ഷക്കണക്കിനു രൂപ വിലവരുന്ന ഹാന്‍സ് പോലിസ് പിടികൂടിയിരുന്നു.അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് വില്‍പ്പന ഏറ്റവുമധികം നടക്കുക. തെക്കന്‍ കേരളത്തില്‍ ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികളുള്ള പായിപ്പാട്ടാണ് വില്‍പ്പന കേന്ദ്രങ്ങളും വില്‍പ്പനയും സജീവമായുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വാടക വീടുകള്‍ കേന്ദ്രീകരിച്ച് സൂക്ഷിക്കുകയും നഗരത്തിലെ ചെറുകിട വ്യാപാരികള്‍ക്ക് വില്‍പ്പന നടത്തുകയുമാണു പതിവ്. രണ്ടാഴ്ച മുമ്പ്് ബൈപാസില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടിയിരുന്നു. പോലിസും എക്‌സൈസും പരിശോധന ശക്തമാക്കുമ്പോഴും കഞ്ചാവ്-പുകയില ഉല്‍പ്പന്നങ്ങളുടെ വിപണനം തകൃതിയായി നടക്കുന്നുവെന്നതാണ് വസ്തുത.
Next Story

RELATED STORIES

Share it