Kottayam Local

ചങ്ങനാശ്ശേരി നഗരത്തിലെ മാലിന്യ പ്രശ്‌നം അനന്തമായി നീളുന്നു



ചങ്ങനാശ്ശേരി: നഗരത്തിലെങ്ങും കുമിഞ്ഞുകൂടുന്ന മാലിന്യ പ്രശ്‌നത്തിനു പരിഹാരമാവാതെ അനന്തമായി നീളുന്നു. 2011 ജൂണ്‍ 22നു മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വിളിച്ചുചേര്‍ത്ത നഗരസഭാ അധികൃതരുടെയും റസിഡന്റ്‌സ് അസോസിയേ ഷന്‍ ഭാരവാഹികളുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളും പ്രാവര്‍ത്തികമായില്ല. ഇതിനു മുമ്പും ശേഷവും ഒട്ടേറെ പദ്ധതികളും നടപ്പാക്കിയെങ്കിലും ഒന്നും പൂര്‍ണതയിലെത്തിക്കാന്‍ കഴിഞ്ഞില്ല. നഗരം ദുര്‍ഗന്ധപൂരിതമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന തെരുവോരങ്ങളിലെ  അനധികൃത മല്‍സ്യ പച്ചക്കറി പഴവ്യാപാരം നിര്‍ത്തലാക്കുക, മാലിന്യ നിര്‍മാര്‍ജനത്തിനു സഹകരിക്കാത്ത തട്ടുകടകളുടെ പ്രവര്‍ത്തനം നിരോധിക്കുക, മല്‍സ്യ മാര്‍ക്കറ്റിലെ മാലിന്യം സംസ്‌കരിക്കുന്നതു പരിശോധിക്കുക തുടങ്ങിയ ഹൃസ്വകാല പദ്ധതികളും പിഡബ്ല്യുഡിയും മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തുന്ന ശാസ്ത്രീയ പഠനങ്ങള്‍ക്കു ശേഷം നഗരത്തിനു ആധുനിക ഡ്രെയിനേജ്, സുവിജ് സൗകര്യമൊരുക്കുക, ആധുനിക സ്ലോട്ടര്‍ ഹൗസ് നിര്‍മിക്കുക, ഹോട്ടലുകള്‍, ബേക്കറികള്‍, കല്യാണ മണ്ഡപങ്ങള്‍, ലോഡ്ജുകള്‍ എന്നിവക്കു ഖര മാലിന്യ സംസ്‌കരണ സൗകര്യവും സുവിജ് സൗകര്യവും ഉണ്ടെന്ന് കര്‍ശനമായും ഉറപ്പുവരുത്തുക, ഗൃഹങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു മാലിന്യം തരംതിരിച്ചു മാത്രം സ്വീകരിക്കുക തുടങ്ങിയ ദീര്‍ഘകാല പദ്ധതികളാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ചിരുന്നത്. അതേസമയം 30 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കരുതെന്ന് അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു.  എന്നാല്‍ എല്ലാ നിര്‍ദേശങ്ങളും കടസാലില്‍ ഒതുങ്ങി. കഴിഞ്ഞ നഗരസഭയുടെ കാലത്ത് ഡോ. തോമസ് ഐസക്കിനെ പങ്കെടുപ്പിച്ച് പ്രത്യേക ചര്‍ച്ചാ ക്ലാസുകളും പദ്ധതികളും ആവിഷ്‌ക്കരിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ സിസി ടിവി കാമറ സ്ഥാപിക്കുമെന്നും റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് പിഴ ഈടാക്കുമെന്നു നഗരസഭയും പലപ്പോഴും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതും പ്രാവര്‍ത്തികമായില്ല. കൂടാതെ മാലിന്യ നിക്ഷേപത്തിനെതിരേ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചു  ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. നഗരത്തില്‍ ഏറെ തിരക്കുള്ള ബൈപാസ് റോഡില്‍ എവിടെയും മാലിന്യ നിക്ഷേപം തകൃതിയാണ്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച് എസി കനാലില്‍ അവസാനിക്കുന്ന ഉമ്പുഴുച്ചിറ തോട്ടിലും തോട് അവസാനിക്കുന്ന ഭാഗത്തും മാലിന്യം വന്‍തോതില്‍ കാണാം. ഇതിനിടയില്‍ ഫാത്തിമാപുരത്തെ ഡംപിങ് സ്റ്റേഷനില്‍ മാലിന്യം നിറഞ്ഞതിനെ തുടര്‍ന്ന് ഇവ നീക്കം ചെയ്യാന്‍ കരാറുകാരനെ ഏല്‍പ്പിച്ചെങ്കിലും അതും നീക്കം ചെയ്യാനായിട്ടില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എയറോബിക്  ബിന്നുകള്‍ സ്ഥാപിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതും പാതിവഴിയില്‍ ഉപേക്ഷിച്ച അവസ്ഥയിലാണ്. അതേസമയം മാലിന്യ നിക്ഷേപത്തിനെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്ന നിലപാടാണ് നഗരസഭയ്ക്കുള്ളത്.
Next Story

RELATED STORIES

Share it