Kottayam Local

ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. സി എഫ് തോമസ് എംഎല്‍എയുടെ ശ്രമഫലമായി നിര്‍മിച്ച ആധുനിക രീതിയിലുള്ള ലബോറട്ടറിയുടെ  പ്രവര്‍ത്തനം ഇപ്പോഴും കാര്യക്ഷമമല്ല. എല്ലാ തരത്തിലുള്ള രക്ത പരിശോധനകളും നടത്താന്‍ അനുയോജ്യമായ അനലൈസര്‍ ഇവിടെ ഉണ്ടെങ്കിലും ഇതു പ്രവര്‍ത്തന സജ്ജമാക്കാനായിട്ടില്ല.
വിവിധ രക്ത പരിശോധനകള്‍ ആവശ്യമായി വരുന്ന രോഗികള്‍ നിലവില്‍ സ്വകാര്യ ലബോറട്ടറികളെയാണ് ആശ്രയിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന കാരുണ്യ ഫാര്‍മസിയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും മരുന്നുകളുടെ ദൗര്‍ലഭ്യം രോഗകളെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നു. മൂന്നു വര്‍ഷം മുമ്പ് വിദേശ മലയാളി എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് ജനറല്‍ ആശുപത്രിക്കു സംഭാവന നല്‍കിയ ഡിജിറ്റല്‍ എക്‌സ്്‌റേ യൂനിറ്റ് സ്ഥാപിക്കാനോ പ്രവര്‍ത്തിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. അതേനിലയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
അനുബന്ധമായ സാമഗ്രികള്‍ ഇല്ലാത്തതാണ് ഏക്‌സറെ ഏര്‍പ്പെടുത്തുന്നതിനു തടസ്സം. എന്നാല്‍ ഈ സാമഗ്രികള്‍ വാങ്ങുന്നതിന് ആശ്യമായ  തുക കണ്ടെത്താനോ സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാനോ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നുമില്ല. സ്ഥിരമായി സൂപ്രണ്ട് ഇല്ലാത്തത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളംതെറ്റിച്ചിരിക്കുകയാണ്. അസി. ഡയറക്ടറുടെ പദവിയുള്ള സൂപ്രണ്ടിന്റെ അഭാവം കാരണം ദൈനംദിന കാര്യങ്ങള്‍ നടത്താനോ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനോ കഴിയുന്നില്ല. മാസങ്ങളായി സീനിയര്‍ ഡോക്ടര്‍ക്കാണ് സൂപ്രണ്ടിന്റെ അധിക ചുമതല നല്‍കിയിട്ടുള്ളത്.
എന്നാല്‍ സംസ്ഥാനത്തെ സീനിയര്‍ ഡോക്ടര്‍മാര്‍ പലരും ആശുപത്രികളുടെ ഭരണ നിര്‍വഹണ ചുമതലകള്‍ ഏറ്റെടുക്കാന്‍ മുതിരാത്തതാണു വിവിധ ആശുപത്രികളിലെപ്പോലെ ഇവിടെയും  സൂപ്രണ്ടിന്റെ തസ്തിക ഒഴിഞ്ഞു കിടക്കാന്‍ കാരണമായി പറയുന്നത്.
ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു രക്തബാങ്കിന്റെ ഉദ്ഘാടനവും നടന്നത്. എന്നാല്‍ രക്തം സംഭരിക്കാനുള്ള അനുമതി ലഭിക്കാതിരുന്നതിനാല്‍ രക്തബാങ്ക് പ്രവര്‍ത്തിപ്പിക്കാനായില്ല.
തുടര്‍ന്ന് രക്തബാങ്ക് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കേണ്ട പ്രത്യേക മെഡിക്കല്‍ സംഘം എത്തി പരിശോധന നടത്തിയശേഷം അഞ്ചു കിലോ വാട്ട് ജനറേറ്റര്‍, രക്തം സംഭരിക്കാനുള്ള മോനിട്ടര്‍, 60 ബാഗ് സംഭരിക്കാനുള്ള ശീതീകരണമുറി, വിഡിഎല്‍ആര്‍, റൊട്ടേറ്റര്‍, മാസ്‌ക് ഉള്‍പ്പെടെയുള്ള ഓക്‌സിജന്‍ സിലിന്‍ഡര്‍, ശീതീകരണമുറി തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ സംവിധാനങ്ങളൊക്കെ ഒരുക്കിയെങ്കിലും നിലവില്‍ രക്തം സൂക്ഷിക്കാനുള്ള സ്റ്റോറേജ് കേന്ദ്രം മാത്രമാണ് ആശുപത്രിയിലുള്ളത്.
Next Story

RELATED STORIES

Share it