Kottayam Local

ചങ്ങനാശ്ശേരിയില്‍ കഞ്ചാവുമായി മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

ചങ്ങനാശ്ശേരി: മോഷണക്കേസിലെ പ്രതി കഞ്ചാവുമായി അറസ്റ്റില്‍. ഫാത്തിമാപുരം കുന്നക്കാട് പുതുപ്പറമ്പില്‍ അന്‍സാദ് (23) ആണ് 250 ഗ്രം കഞ്ചാവുമായി ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിലായത്. രണ്ടാഴ്ച മുമ്പ് തമിഴ്‌നാട്ടിലെ കമ്പത്തു നിന്ന് മൂന്നു കിലോ കഞ്ചാവുമായി ചങ്ങനാശ്ശേരിയില്‍ എത്തി ചെറുകിട കച്ചവടക്കാര്‍ക്ക് വിറ്റിരുന്നതിനു പുറമേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും ഇയാള്‍ കച്ചവടം നടത്തി വരികയായിരുന്നു. ജില്ലാ പോലിസ് മേധാവിയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നിരീക്ഷിച്ചുവരികയായിരുന്ന ഇയാളെ ഫാത്തിമാപുരത്തു വച്ച് പോലിസ് പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം 15ഓളം പായ്ക്കറ്റ് കഞ്ചാവ് ഉണ്ടായിരുന്നു. പായ്ക്കറ്റിനു 500 രൂപ നിരക്കിലായിരുന്നു ഇയാള്‍ കഞ്ചാവ് വിദ്യാര്‍ഥികള്‍ക്കു ഇയാള്‍ വിറ്റിരുന്നത്. ചങ്ങനാശ്ശേരി, കുരിശുമ്മൂട്, ചെത്തിപ്പുഴ ഭാഗങ്ങളിലെ പ്രധാന കഞ്ചാവു വില്‍പ്പനക്കാരന്‍ കൂടിയാണ് ഇയാള്‍. പാറേല്‍പ്പള്ളി ഭാഗത്തു ഓട്ടോറിക്ഷാ ഓടിച്ചുവന്നിരുന്ന ഇയാള്‍ മാല മോഷണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചു ജാമ്യത്തില്‍ ഇറങ്ങിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ഇയാള്‍ താമസിക്കുന്ന  വീടിന്റെ പുറകിലെ ചതുപ്പു സ്ഥലത്തു കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നു ഇയാള്‍ പറഞ്ഞെങ്കിലും പകരം ഇവ വലിക്കാന്‍ ഉപയോഗിക്കുന്ന ഒസിബി മാത്രമാണ് കണ്ടെത്താനായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, സിഐ കെ പി വിനോദ്, എസ്‌ഐ ഷെമീര്‍, ജൂനിയര്‍ എസ്‌ഐ ശ്രീകാന്ത്, ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്‌ഐ കെ കെ റെജി, അന്‍സാരി, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it