thrissur local

ചക്ക ഫാക്ടറി ഒരു വര്‍ഷത്തിനകം പൂര്‍ണതോതില്‍ യന്ത്രവല്‍ക്കരിക്കുമെന്ന്

മാള: പൂപ്പത്തിയിലെ ചക്ക ഫാക്ടറി ഒരു വര്‍ഷത്തിനകം പൂര്‍ണമായും യന്തവല്‍കൃതമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. മാള പൂപ്പത്തിയില്‍ ഉല്‍പാദനവിപണന സജ്ജമായ ചക്ക ഫാക്ടറിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വര്‍ഷം ചക്ക ഉല്‍പന്നങ്ങള്‍ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യും. കേന്ദ്രവുമായി ഷിപ്പ്‌മെന്റ് പ്രട്ടോക്കോളുണ്ടായതിനാല്‍ കയറ്റുമതിക്ക് ചെലവ് നിലവിലുള്ളതിന്റെ 10 ശതമാനമായി കുറയുന്നത് കയറ്റുമതി വര്‍ദ്ധിക്കാന്‍ കാരണമാകും. തൃശൂര്‍ ജില്ലയിലെ 500 ഹെക്റ്ററില്‍ വാഴപ്പഴം ഉല്‍പാദിപ്പിക്കാനായി ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. കയറ്റുമതി ചെയ്യാനാകുന്ന വാഴപ്പഴം രാസകീടനാശിനിയില്ലാതെ ഉല്‍പാദിപ്പിക്കാനാവശ്യമായ പരിശീലനം കര്‍ഷകര്‍ക്ക് നല്‍കും.
മാള ബ്ലോക്കിലും ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. പൈനാപ്പിള്‍ കൃഷി വ്യാപിപ്പിക്കാനായി മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓരോ പ്രകൃതി ഫലങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി അവയുടെ മൂല്യമുയര്‍ത്തും. ഓരോ വര്‍ഷവും 25 മുതല്‍ 30 കോടി ചക്കയാണ് കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. അതില്‍ 40 ശതമാനവും നശിച്ചു പോകുകയാണ്. അതിന് പരിഹാരമായാണിത്തരം സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു.
അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെയ്‌കോ മാനേജിംഗ് ഡയറക്ടര്‍ പി സുരേഷ്ബാബു പദ്ധതി വിശദീകരണം നടത്തി.
പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എം രാധാകൃഷ്ണന് ചക്ക ഉത്പന്നങ്ങള്‍ നല്‍കി മന്ത്രി ആദ്യവില്‍പ്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, കെയ്‌കോ ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ ചന്ദ്രന്‍, കെയ്‌കോ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സിനി ജോസ് മാത്യു, രാഷ്ട്രീയസാമൂഹ്യ നേതാക്കള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it