wayanad local

ചക്കയും മാങ്ങയും തേടി കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക്



നടവയല്‍: ചക്ക, മാങ്ങ സീസണ്‍ ആരംഭിച്ചതോടെ പനമരം, പൂതാടി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനശല്യം വര്‍ധിച്ചു. പകല്‍പോലും ആനകള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളില്‍ ഇറങ്ങുകയാണ്. പാട്ട കൊട്ടിയാലും പടക്കം പൊട്ടിച്ചാലും ഇവയ്ക്ക് പ്രശ്‌നമില്ല. തോട്ടങ്ങളില്‍ വന്‍ നാശം വരുത്തുന്ന ആനകള്‍ ആളുടെ ജീവനും ഭീഷണിയാണ്. എന്നിട്ടും ആനശല്യത്തിനു പരിഹാരം കാണാന്‍ വനംവകുപ്പ് നടപടിയെടുക്കാത്തത് കര്‍ഷകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായി. കഴിഞ്ഞയാഴ്ച  ആനക്കൂട്ടം കൃഷി പാടെ നശിപ്പിച്ചതിനെ തുടര്‍ന്ന് നെയ്ക്കുപ്പയിലെ ഒരു കര്‍ഷകന്‍ വനം ഓഫിസിന് മുന്നില്‍ വായ മൂടിക്കെട്ടി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. നെയ്ക്കുപ്പ ഫോറസ്റ്റ് സെക്ഷന് കീഴില്‍ ദാസനക്കര, നീര്‍വാരം, അമ്മാനി, പുഞ്ചവയല്‍, നെല്ലിയമ്പം, കായക്കുന്ന്, ചെക്കിട്ട, ആലുങ്കല്‍താഴെ, നടവയല്‍, നെയ്ക്കുപ്പ, ചെഞ്ചടി, വണ്ടിക്കടവ്, പേരൂര്‍, അയനിമല, എടക്കാട്, കേളമംഗലം എന്നിവിടങ്ങളില്‍ ആനശല്യം മൂലം ജനങ്ങള്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. പുഞ്ചവയല്‍, പരിയാരം, നെല്ലിയമ്പം ഭാഗങ്ങളിലെ എസ്റ്റേറ്റുകളില്‍ പകല്‍ ആനക്കൂട്ടങ്ങള്‍ നിലയുറപ്പിക്കുന്നതു പതിവ് കാഴ്ചയാണ്. അറ്റകുറ്റപ്പണികളുടെ അഭാവത്തില്‍ വനാതിര്‍ത്തികളിലെ കിടങ്ങുകള്‍ തകര്‍ന്നതും ആവശ്യമായ ഇടങ്ങളില്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കാത്തതുമാണ് ആനശല്യം വര്‍ധിച്ചതിനു കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടാനശല്യം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it