ചക്കയിട്ടാല്‍ മുയലിനെ കിട്ടുമെന്ന പ്രതീക്ഷ

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍
കര്‍ണാടകയില്‍ തോറ്റതോടെ അമിട്ടു ഷാജിക്ക് കലിയിളകിയിരിക്കുകയാണ്. തിരഞ്ഞെടുപ്പുകള്‍ ഇനിയും വരുമെന്നും അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ അടപ്പൂരുമെന്നുമാണ് ഇപ്പോള്‍ മഹാനവര്‍കള്‍ പറയുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ മോദി അധികാരത്തില്‍ വീണ്ടും തിരിച്ചെത്തുമെന്ന് മാത്രമല്ല, സോണിയയും രാഹുലും മല്‍സരിക്കുന്ന അമേത്തിയിലും റായ്ബറേലിയിലും അവരെ കെട്ടുകെട്ടിക്കും എന്നുമാണ് ടിയാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അമേത്തിയും റായ്ബറേലിയും ഉത്തര്‍പ്രദേശിലാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശുവാദിപ്പാര്‍ട്ടിക്ക് ഗംഭീരനേട്ടമുണ്ടായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അവിടെ പ്രതിപക്ഷം ഭിന്നിച്ചു പല കഷണങ്ങളായി നിന്നു. ബിജെപി നാട്ടുകാരെ വിഭജിച്ച് വോട്ട് കീശയിലാക്കി. വിജയം കൈയില്‍വന്നതോടെ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കി അങ്ങോട്ടയച്ചു. കക്ഷിയുടെ ഭരണനേട്ടങ്ങളില്‍ പ്രധാനം ഏറ്റുമുട്ടല്‍ക്കൊല എന്ന പേരില്‍ നടക്കുന്ന പരസ്യമായ കൊലപാതകങ്ങളാണ്. ഭരണകൂടത്തിന് ഹിതമല്ലാത്ത ആരെയും തട്ടിക്കളയും. പോലിസിന്റെ കൈയില്‍ തോക്കുണ്ട്. അത് നേരെ പിടിച്ചു വെടിവയ്ക്കും. ആള്‍ തട്ടിപ്പോയി എന്ന് ഉറപ്പായാല്‍ പിന്നെ ഒരു പ്രഖ്യാപനമാണ്: തീവ്രവാദികളെ ശക്തമായ ഏറ്റുമുട്ടലില്‍ വധിച്ചു.
കുറേക്കാലമായി ഈ പരിപാടിയാണ് നടക്കുന്നത്. കാരണം, പ്രതിപക്ഷം ഭിന്നിച്ചുനില്‍ക്കുകയായിരുന്നു. മുലായം-അഖിലേഷ് പിതൃപുത്ര സഖ്യം ഒരുഭാഗത്ത്; ആകെ മെലിഞ്ഞ് എല്ലുംതോലുമായ കോണ്‍ഗ്രസ് അതിനപ്പുറം. ഇങ്ങനെ ഒരു അവസ്ഥയില്‍ പശുവാദിക്കാര്‍ക്ക് ജയിക്കാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.
കാര്യങ്ങള്‍ കര്‍ണാടകയ്ക്കു മുമ്പേ തന്നെ മാറിമറിയാന്‍ തുടങ്ങിയിരുന്നു. ആദിത്യനാഥ് രാജിവച്ച ഗോരഖ്പൂരിലും നേരത്തേ ബിജെപി വലിയ വോട്ടിനു ജയിച്ച ഫുല്‍പൂരിലും അതിഗംഭീരമായ തോല്‍വിയാണ് ഷാജിയാശാന്റെ പാര്‍ട്ടി നേടിയെടുത്തത്. ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ കാണാം എന്നാണ് ഇപ്പോള്‍ വീരവാദം.
വരുന്ന തിരഞ്ഞെടുപ്പ് 2019ലാണ്. അത് പൊതുതിരഞ്ഞെടുപ്പ് തന്നെയാണ്. രാജ്യം മുഴുക്കെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സോണിയയെയും രാഹുല്‍ജിയെയും ലക്ഷ്യമിട്ട് തോല്‍പിക്കും എന്നാണ് അവകാശവാദം.
കോണ്‍ഗ്രസ്സിന്റെ ഉത്തര്‍പ്രദേശിലെ ഇന്നത്തെ അവസ്ഥ നോക്കിയാല്‍ ഒരുപക്ഷേ, അതു സാധ്യമായിക്കൂടെന്നില്ല. പക്ഷേ, ഉത്തര്‍പ്രദേശ് മാത്രമല്ല ഇന്ത്യ. രാജ്യത്ത് കോണ്‍ഗ്രസ് വീണ്ടുമൊരു തിരിച്ചുവരവിന്റെ പാതയിലാണെന്ന് നേരേചൊവ്വേ ചിന്തിക്കുന്ന ആര്‍ക്കും അറിയാം. അതിനാല്‍ പഴയപോലെ കോണ്‍ഗ്രസ് ഒറ്റയാനായി നിന്നുകൊള്ളും എന്ന് അമിട്ടു ഷാജി പ്രതീക്ഷിക്കുന്നുവെങ്കില്‍ അത് മണ്ടത്തരം മാത്രമായിരിക്കും.
കോണ്‍ഗ്രസ് മാറുകയാണ് എന്നു തീര്‍ച്ച. കര്‍ണാടക തന്നെയാണ് അതിന്റെ തെളിവ്. സാധാരണനിലയില്‍ തങ്ങള്‍ക്ക് മുഖ്യമന്ത്രിപദവി കിട്ടണം എന്ന് കോണ്‍ഗ്രസ് വാശി പിടിക്കേണ്ടതാണ്. പക്ഷേ, ദേവഗൗഡയുമായി അങ്ങോട്ടുപോയി ലോഹ്യം കൂടുകയാണ് സോണിയയും രാഹുല്‍ജിയും ചെയ്തത്. പദവികള്‍ കൈവിട്ടുകൊടുക്കാനും ചെറിയ കൂട്ടരെ വലിയ വില കൊടുത്ത് കൂടെ നിര്‍ത്താനും തയ്യാറാണ് കോണ്‍ഗ്രസ് എന്നു വ്യക്തം.
രാഷ്ട്രീയത്തില്‍ അത് എളുപ്പമല്ല. ആരും ഒന്നും കൈവിട്ടുകൊടുക്കുന്ന രംഗമല്ല രാഷ്ട്രീയം. എല്ലാം വെടക്കാക്കി തനിക്കാക്കുക എന്നതാണ് രാഷ്ട്രീയത്തിലെ പരമ്പരാഗത രീതി. കോണ്‍ഗ്രസും ജന്മനാ അത്തരം ശീലങ്ങളുള്ള പാര്‍ട്ടിയാണ്. തങ്ങള്‍ ജയിക്കാനും ഭരിക്കാനുമാണ് ജനിച്ചത് എന്ന മട്ടിലാണ് എല്ലാകാലത്തും കോണ്‍ഗ്രസ് നേതാക്കള്‍ പെരുമാറിയിട്ടുള്ളത്.
പക്ഷേ, ആ രീതി മാറുകയാണ്. മായാവതിയും അഖിലേഷുമാണ് അത്തരം വിട്ടുവീഴ്ചകള്‍ക്ക് ആദ്യമായി തയ്യാറായത്. അതിന്റെ നേട്ടം അവര്‍ കൊയ്തു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും തങ്ങളുടെ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കും എന്നാണ് അവര്‍ രണ്ടുപേരും പറയുന്നത്. കോണ്‍ഗ്രസും അവരുടെ കൂടെ നിലയുറപ്പിക്കുകയാണെങ്കില്‍ സോണിയയുടെയോ രാഹുല്‍ജിയുടെയോ രോമം പോലും തൊടാന്‍ പശുവാദികള്‍ക്ക് കഴിയില്ല എന്നതാണ് അവസ്ഥ.
പക്ഷേ, ഇതൊക്കെ പ്രതീക്ഷകളാണ്. അധികാരം എല്ലാവര്‍ക്കും പ്രധാനമാണ്. വിട്ടുവീഴ്ച ചെയ്യാന്‍ എത്രനാള്‍ കോണ്‍ഗ്രസ് തയ്യാറാവും? കോണ്‍ഗ്രസ് പ്രാദേശികനേതാക്കള്‍ അതു സമ്മതിക്കുമോ? മറ്റു കക്ഷികള്‍ക്കിടയിലും തര്‍ക്കങ്ങള്‍ വരും. അധികാരത്തിനു മുന്നില്‍ മറ്റെല്ലാ കാര്യങ്ങളും മറക്കുന്നതാണ് പൊതുരീതി.
അതാണ് മോദിയുടെയും ഷാജിയുടെയും പ്രതീക്ഷയും. പ്രതിപക്ഷ സഖ്യം വരും മുമ്പുതന്നെ തകരുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണയും അവര്‍ ജയിച്ചത് അങ്ങനെയാണല്ലോ. ഒരുതവണ ചക്കയിട്ടു മുയലിനെ കിട്ടി; ഇനിയും കിട്ടും എന്ന് കരുതുന്നതില്‍ എന്താണു തെറ്റ്?                                             ി
Next Story

RELATED STORIES

Share it