Flash News

ഘാനയോടും തോറ്റു: അണ്ടര്‍ 17 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്

ഘാനയോടും തോറ്റു: അണ്ടര്‍ 17 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്
X


ന്യൂഡല്‍ഹി: ഇല്ല, ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചില്ല. രണ്ടാം മല്‍സരത്തിലെ 82ാം മിനിറ്റില്‍ ജീക്ക്‌സണ്‍ തൗനൗജം നേടിയ ചരിത്ര ഗോളല്ലാതെ മറ്റൊരു തവണ കൂടി വല കുലുക്കാനും ഇന്ത്യക്ക് സാധിച്ചില്ല. രാജ്യത്ത് വിരുന്നെത്തിയ ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കളിക്കാന്‍ ലഭിച്ചപ്പോള്‍ ആദ്യ റൗണ്ടിനപ്പുറം കടക്കാന്‍ ഇന്ത്യന്‍ കൗമാരപ്പടയ്ക്ക് സാധിച്ചില്ല. ആഫ്രിക്കന്‍ കരുത്തുമായെത്തിയ ഘാന മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്ത്യയുടെ അവസാന പ്രതീക്ഷയും തച്ചുടച്ച് നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ കാണികള്‍ക്ക് മുന്നില്‍ പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിയാണ് ഡി മാറ്റോസ് ഇന്ത്യന്‍ പടയെ അണിനിരത്തിയത്. 4-4-1-1 ഫോര്‍മാറ്റിലിറങ്ങിയ ഇന്ത്യയെ നേരിടാന്‍ 4-2-3-1 ശൈലിയില്‍ ഘാന അണിനിരന്നു. മല്‍സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ഇന്ത്യന്‍ വല കുലുങ്ങിയെങ്കിലും അത് ഓഫ് സൈഡായിരുന്നു. ആദ്യപകുതിയുടെ അവസാന നിമിഷം വരെ പ്രതിരോധത്തില്‍ ചക്രവ്യൂഹം തീര്‍ത്ത് നീലപ്പട പിടിച്ചു നിന്നെങ്കിലും 43ാം മിനിറ്റില്‍ എറിക് അയ്യ അക്കൗണ്ട് തുറന്നു. 1-2 എന്ന നിലയില്‍ ആരംഭിച്ച രണ്ടാംപകുതിയില്‍ 52ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ അയ്യ ഘാനയുടെ വിജയം ഉറപ്പിച്ചു. ഇന്ത്യന്‍ പ്രതിരോധത്തിനും ഗോള്‍ കീപ്പര്‍ക്കും നൊടിയിട ശ്രദ്ധ മാറിയപ്പോള്‍ 86, 87 മിനിറ്റുകളിലായി രണ്ട് ഗോള്‍ കൂടി പായിച്ച് ഘാന ജയം ആധികാരികമാക്കി. മുഹമ്മദ് കുടുസ്, ഇമ്മാനുവല്‍ ടോക്കു എന്നിവരിലൂടെയായിരുന്നു ഘാനയുടെ അവസാന ഗോളുകള്‍. പ്രതിരോധത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ, തങ്ങളുടെ പോരായ്മകള്‍ എന്തൊക്കെയെന്ന് പഠിച്ചു കൊണ്ടാണ് ലോകകപ്പില്‍ നിന്ന് ബൂട്ടഴിക്കുന്നത്. അതേസമയം, മുംബൈയില്‍ നടന്ന മല്‍സരത്തില്‍ അമേരിക്കയെ അട്ടിമറിച്ച് കൊളംബിയ തകര്‍പ്പന്‍ ജയം നേടി. മൂന്നാം മിനിറ്റില്‍ ജുവാന്‍ ഡേവിഡ് വിദാലിലൂടെ മുന്നിലെത്തിയ കൊളംബിയന്‍ പടയ്ക്ക് ജോര്‍ജ് അകോസ്റ്റയിലൂടെ അമേരിക്ക മറുപടി നല്‍കിയപ്പോള്‍ ആദ്യപകുതി സമനിലയില്‍ പിരിഞ്ഞു. രണ്ടാംപകുതിയില്‍ പെനലോസ രഗ്ഗ (67), ഡെല്‍ബര്‍ കെയ്‌സെദോ (87) എന്നിവരിലൂടെ കൊളംബിയ ജയം ഉറപ്പിച്ചപ്പോള്‍ ഒന്നുംചെയ്യാന്‍ അമേരിക്കന്‍ കൗമാരങ്ങള്‍ക്ക് സാധിച്ചില്ല.
Next Story

RELATED STORIES

Share it