ഘാനയില്‍ സൗരോര്‍ജപദ്ധതികളില്‍ സിയാല്‍സഹകരിക്കും

കൊച്ചി: ഘാനയില്‍ മൂന്നു വിമാനത്താവളങ്ങളില്‍ സൗരോര്‍ജ പദ്ധതിക്ക് കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി (സിയാല്‍)ന്റെ സഹകരണം. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലിന്റെ സാങ്കേതിക സഹകരണം തേടി നിരവധി രാജ്യങ്ങളും എയര്‍പോര്‍ട്ട് ഏജന്‍സികളും നേരത്തേ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഘാനയുടെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ മൈക്കേല്‍ ആരണ്‍ നോര്‍ട്ടന്‍ ഒഖാന ജൂനിയര്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം സിയാലില്‍ എത്തിയിരുന്നു. ഘാനയുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്‍കി. മൂന്നു വിമാനത്താവളങ്ങളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സിയാല്‍ സാങ്കേതിക സഹകരണം നല്‍കും. ഇതിന്റെ തുടര്‍നടപടികള്‍ക്കായി യോഗം മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍-കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) സംയുക്ത സംരംഭമായ ഉള്‍നാടന്‍ ജലപാത വികസന നടപടികള്‍ ത്വരിതപ്പെടുത്താന്‍ 4.41 കോടി രൂപ നല്‍കാനും യോഗം തീരുമാനിച്ചു. ഹൊസ്ദുര്‍ഗ് മുതല്‍ കോവളം വരെ ഉള്‍നാടന്‍ ജലപാത വികസിപ്പിക്കാന്‍ സര്‍ക്കാരും സിയാലും ചേര്‍ന്ന് രൂപവത്കരിച്ചിട്ടുള്ള കേരള വാട്ടര്‍വെയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിന് ഈ തുക ഉടനടി കൈമാറും. മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സിയാലിന്റെ സംഭാവനയായ അഞ്ചു കോടി രൂപയും ഇന്നലെ കൈമാറി. അഞ്ചു കോടി രൂപയുടെ ചെക്ക് മന്ത്രി വി എസ് സുനില്‍ കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ കൈമാറി.
Next Story

RELATED STORIES

Share it