Flash News

ഘര്‍വാപസി പീഡനകേന്ദ്രത്തിനെതിരേ ശ്രുതിയുടെ മൊഴി : പോലിസ് നടപടികള്‍ 10നകം അറിയിക്കണം - ഹൈക്കോടതി



കൊച്ചി: ഇതര മതസ്ഥനെ ഇഷ്ടപ്പെട്ടതിനു തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ കൊടിയ പീഡനത്തിന് ഇരയായെന്നു ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശിനി ശ്രുതി നല്‍കിയ മൊഴിയില്‍ പോലിസ് സ്വീകരിച്ച നടപടികള്‍ ഈ മാസം 10നകം ഹൈക്കോടതിയെ അറിയിക്കണം. കേസ് 10നു വീണ്ടും പരിഗണിക്കും. പയ്യന്നൂര്‍ കോടതി പുറപ്പെടുവിച്ച സെര്‍ച്ച് വാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ സിംഗിള്‍ ബെഞ്ചാണ് ശ്രുതിയെ എസ്എന്‍വി സദനത്തിലേക്കു വിട്ടതെന്നും ഭര്‍ത്താവെന്നു പറയുന്ന അനീസ് മുഹമ്മദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഡിവിഷന്‍ ബെഞ്ച് എങ്ങനെയാണു ശ്രുതിയെ അനീസ് മുഹമ്മദിനൊപ്പം വിട്ടതെന്നും ശ്രുതിയുടെ മാതാവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ചോദിച്ചു. അനീസ് മുഹമ്മദിനൊപ്പം പോവാനാണു താല്‍പര്യമെന്ന് ശ്രുതി പറഞ്ഞതിനാണ് ഇടക്കാല ഉത്തരവ് ഇറക്കിയതെന്ന് കോടതി പറഞ്ഞു. യോഗാ കേന്ദ്രത്തിനെതിരേ ശ്രുതി നല്‍കിയ മൊഴി പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. ശ്രുതിയെ സിറിയയിലേക്കോ, യമനിലേക്കോ കൊണ്ടുപോവുമെന്ന തരത്തില്‍ ഒരു സംഘടനയുടെ പേരില്‍ നാട്ടില്‍ വന്ന പോസ്റ്ററില്‍ ശ്രുതി ആശങ്ക രേഖപ്പെടുത്തിയിരുന്നെന്നും ഇപ്പോള്‍ ആ നിലപാട് മാറിയിരിക്കുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. എന്തുകൊണ്ടാണ് ഈ നിലപാട് മാറ്റമെന്നു കോടതി ചോദിച്ചു. പോലിസ് യോഗാകേന്ദ്രവുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുകയാണെന്നും അതിനാലാണു ശ്രുതി നല്‍കിയ മൊഴി പൂര്‍ണമായി പോലിസ് രേഖപ്പെടുത്താതിരുന്നതെന്നും യോഗാ കേന്ദ്രത്തിന്റെ തലവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തില്ലെന്നും അനീസ് മുഹമ്മദിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഇതിനു ശേഷം കോടതി ശ്രുതിയെ പ്രത്യേകം വിളിച്ചു സംസാരിച്ചു. പോസ്റ്റര്‍ പതിച്ചത് ആ സംഘടനയാണെന്ന് കരുതുന്നില്ലെന്ന് ശ്രുതി പറഞ്ഞതായി കോടതി പറഞ്ഞു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് 10ലേക്ക് മാറ്റുകയായിരുന്നു.ശ്രുതിയുടെ നാട്ടില്‍ പോലിസ് സ്വീകരിച്ച നടപടികളും അറിയിക്കണം. സെര്‍ച്ച് വാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും ഇതേ ഹരജിയുടെ കൂടെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ശ്രുതിയുടെ പരാതിയില്‍ എടുത്ത കേസില്‍ 342, 506, 34 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ഇവയെല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.
Next Story

RELATED STORIES

Share it