Flash News

ഘര്‍വാപസി പീഡനകേന്ദ്രം : ഭീകരതകള്‍ തുറന്നുകാട്ടി മുന്‍ജീവനക്കാരന്‍ ഹൈക്കോടതിയില്‍



കൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരേ മുന്‍ ജീവനക്കാരനും ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴ സ്വദേശി എ വി കൃഷ്ണകുമാറാണ് തൃശൂര്‍ സ്വദേശി ഡോ. ശ്വേത ഹരിദാസ് സമര്‍പ്പിച്ച പരാതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്. യോഗാ കേന്ദ്രത്തിലെ മുന്‍ ഇന്‍സ്ട്രക്ടറായ താന്‍ അവിടെ നടന്ന പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും സാക്ഷിയാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു. പ്രതീഷ് വിശ്വനാഥന്‍ എന്നയാള്‍ നടത്തുന്ന ഹിന്ദു ഹെല്‍പ്‌ലൈന്‍ സംഘടന വഴിയാണ് ഇതരമതക്കാരെയോ ജാതിക്കാരെയോ വിവാഹം ചെയ്യുന്ന സ്ത്രീകളെ കൊണ്ടുവരുന്നത്. സ്ത്രീകളെ ബലമായി അടച്ചിട്ട് പീഡിപ്പിക്കുകയാണ് ജയില്‍പോലെയുള്ള ഇവരുടെ  കേന്ദ്രങ്ങള്‍. പെണ്‍കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കില്‍ മയക്കുമരുന്നുകള്‍ അമിതമായി കുത്തിവയ്ക്കുകയും ചൂരല്‍ കൊണ്ട് അടിക്കുകയും ചെയ്യും. നഗ്നചിത്രങ്ങള്‍ എടുത്ത് അവ ലാപ്‌ടോപ്പില്‍ ശേഖരിക്കുകയും ഭാവിയില്‍ ആവശ്യമെങ്കില്‍ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുകയും ചെയ്യും. കൗണ്‍സലിങ് സെഷനുകളില്‍ മനോജ് ഗുരുജിയും ശ്രുതി എന്ന കൗണ്‍സലറും ഇതരമതങ്ങളെയും മതഗ്രന്ഥങ്ങളെയും അധിക്ഷേപിക്കും. തടങ്കലിലുള്ളവരുടെ മനസ്സില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കും. മനോജ് ഗുരുജിക്ക് തീവ്രവാദ സംഘടനകളുമായും സര്‍ക്കാരിലെ ചില ഉന്നതരുമായും ബന്ധമുണ്ട്. പേര് വെളിപ്പെടുത്തിയാല്‍ ജീവന്‍ അപകടത്തിലാവും. സ്ത്രീകളെ തടങ്കലില്‍ വയ്ക്കാന്‍ 10,000 മുതല്‍ ലക്ഷങ്ങള്‍ വരെയാണ്  ഈടാക്കുന്നത്. ഈ സ്ത്രീകളെ വിവാഹം ചെയ്യണമെങ്കില്‍ ഇതര മതസ്ഥര്‍ ഹിന്ദുമതം സ്വീകരിക്കണമെന്നത് നിര്‍ബന്ധമാണ്. സ്വന്തമായി ബ്ലാക്ക് കാറ്റുകളും ഗുണ്ടകളുമുള്ള സമാന്തര നിയമസംവിധാനമാണ് ഇതെന്നും പറയുന്നു. ഇതര മതസ്ഥരുമായുള്ള ബന്ധത്തില്‍ നിന്ന് ഒഴിയാന്‍ തയ്യാറില്ലാത്തവരെ സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് കുടുക്കാന്‍ ശ്രമിക്കും. മനോജ് ഗുരുജിയുടെ ലൈംഗികാതിക്രമം അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവാത്തതിനാലാണ് സത്യസന്ധരായ മറ്റു ചില ജീവനക്കാരുടെ കൂടെ മൂന്നു വര്‍ഷം മുമ്പ് സ്ഥാപനം വിട്ടത്. ശ്രുതി എന്ന സ്ത്രീയുമായുള്ള മനോജ് ഗുരുജിയുടെ അവിഹിതബന്ധം സഹിക്കാനാവാതെ മനോജ് ഗുരുജിയുടെ ഭാര്യ ഫോണ്‍ ചോര്‍ത്തിത്തരുകയുണ്ടായി. ഇതിനു ഭാര്യയെയും അവരുടെ സഹോദരനെയും ആക്രമിച്ചു. സംഭാഷണം ചോരുമെന്ന് തോന്നിയതിനാല്‍ മനോജ് ഗുരുജിയും ശ്രുതിയും ഹില്‍പാലസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജുവിന്റെ സഹായത്തോടെ ക്രിമിനല്‍ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു.  ഫോണും സിം കാര്‍ഡുംതൃപ്പൂണിത്തുറ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാസര്‍കോട് സ്വദേശിയായ  ശ്രുതിയെ ഒരു മുസ്‌ലിം പുരുഷനുമായി ഓടിപ്പോയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ യോഗാ കേന്ദ്രത്തില്‍ എത്തിച്ചത്. ഇവരുടെ ഉത്തരവാദിത്തം മനോജ് ഗുരുജി ഏറ്റെടുക്കുകയും പിന്നീട് ഇത് അവിഹിതബന്ധമായി മാറുകയുമായിരുന്നു. അന്തേവാസികളെക്കുറിച്ചും തടങ്കലിലായ പെണ്‍കുട്ടികളെക്കുറിച്ചും ലൈംഗികചുവയോടെ മനോജ് സംസാരിക്കുന്നതിന്റെ വിവരങ്ങള്‍ തൃപ്പൂണിത്തുറ എസ്‌ഐക്ക് കൈമാറിയിട്ടുണ്ട്. ഇങ്ങനെ സ്വന്തമാക്കിയ പണം വയനാട്ടില്‍ ഭൂമിയിടപാട് അടക്കം വിവിധ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. പലിശയ്ക്കും പണം കൊടുക്കുന്നു. വിവരങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കാന്‍ തയ്യാറാണ്. പക്ഷേ, കോടതിയുടെ നിര്‍ദേശമില്ലാതെ പോലിസ് ഈ മൊഴി രേഖപ്പെടുത്തില്ല. മനോജിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനം മൂലം ജീവന് ഭീഷണിയുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. ഇപ്പോഴത്തെ സ്ഥലം സിഐ മനോജിന്റെ ബിനാമി സ്വത്തായ പുതിയ യോഗാ കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രവും പരാതിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it