ഘനജല ചോര്‍ച്ച; ഗുജറാത്തിലെ ആണവനിലയം അടച്ചു

അഹ്മദാബാദ്: സൂറത്ത് ജില്ലയിലെ കക്രാപര്‍ ആണവനിലയത്തിലെ ന്യൂക്ലിയര്‍ റിയാക്റ്ററില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു യൂനിറ്റ് അടച്ചുപൂട്ടി. ഇവിടെ താല്‍ക്കാലിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റിയാക്റ്ററിലെ ഘനജലമാണു ചോര്‍ന്നത്. ആര്‍ക്കും ആണവ വികിരണമേറ്റതായി വിവരമില്ല. കൂടുതല്‍ പരിശോധനയ്ക്കായി ജോലിക്കാരെ പ്രത്യേക മേഖലയിലേക്കു മാറ്റി. റേഡിയോ വികിരണചോര്‍ച്ചയില്ലെന്നും എല്ലാ ജോലിക്കാരും സുരക്ഷിതരാണെന്നും ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഎല്‍) അധികൃതര്‍ അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സൂറത്ത് ജില്ലാ കലക്ടര്‍ രാജേന്ദ്രകുമാറും റേഡിയോ വികിരണങ്ങളുടെ തോത് സാധാരണനിലയിലാണെന്ന് കെഎപിഎസ് സൈറ്റ് ഡയറക്ടര്‍ എല്‍ കെ ജെയിനും വ്യക്തമാക്കി. 1993ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആണവനിലയത്തില്‍ രണ്ടു യൂനിറ്റുകളിലായി 220 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it