ഘടകകക്ഷികള്‍ വഴങ്ങുന്നില്ല; എല്‍ഡിഎഫ് സ്ഥാനാര്‍ഥിപട്ടിക വൈകും

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് വിവിധ ഘടകകക്ഷികളുമായി സിപിഎം നടത്തുന്ന മാരത്തണ്‍ ചര്‍ച്ചകള്‍ സമവായമാവാതെ പിരിഞ്ഞതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടിക ഇനിയും വൈകും. നിലവിലെ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിപ്പട്ടിക ഈമാസം അവസാനംവരെ വൈകാനാണു സാധ്യത.
ഈമാസം 21നു സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നത്. സീറ്റ് വിഭജനം ചര്‍ച്ചചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ഐഎന്‍എല്‍, സിപിഎം ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. അഞ്ച് സീറ്റുകള്‍ ചോദിച്ചതായി ഐഎന്‍എല്‍ നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞതവണ ഐഎന്‍എല്‍ മല്‍സരിച്ച കൂത്തുപറമ്പ് ഏറ്റെടുക്കാനുള്ള താല്‍പര്യം സിപിഎം നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. പകരം അഴീക്കോട് വിട്ടുനല്‍കണമെന്ന് ഐഎന്‍എല്‍ ഉപാധിവച്ചു. രണ്ടുദിവസത്തിനകം വീണ്ടും ചര്‍ച്ച നടത്താമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു.
സിപിഎമ്മും ജെഡിഎസും നടത്തിയ ചര്‍ച്ച ജെഡിഎസ് ചോദിച്ച അധിക സീറ്റുകളില്‍ തട്ടി തീരുമാനമാവാതെ പിരിഞ്ഞു. ആറ് സീറ്റാണ് ജെഡിഎസ് ആവശ്യപ്പെട്ടത്. ചോദിച്ച സീറ്റും നല്‍കാമെന്ന് പറഞ്ഞ സീറ്റും പൊരുത്തപ്പെടുന്നില്ലെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി തോമസ് പറഞ്ഞു.
എന്‍സിപിക്ക് അധിക സീറ്റുകള്‍ നല്‍കാനാവില്ലെന്ന് സിപിഎം നിലപാടെടുത്തതോടെ എന്‍സിപിയുമായുള്ള ചര്‍ച്ചയിലും തീരുമാനമായില്ല. ഏഴ് സീറ്റാണ് എന്‍സിപി ആവശ്യപ്പെട്ടത്. ഇവ അംഗീകരിക്കുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്ന് ചര്‍ച്ചയ്ക്കു ശേഷം എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച തീരുമാനിച്ചിരുന്നെങ്കിലും അവര്‍ അസൗകര്യം അറിയിച്ചതിനാല്‍ യോഗം മാറ്റി.
കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യത്തില്‍ സിപിഐ നിലപാട് കടുപ്പിച്ചതാണ് സിപിഎമ്മിനെ വെട്ടിലാക്കുന്നത്. സിപിഐയുമായി 17ന് ചര്‍ച്ച നടക്കുന്നുണ്ട്. ഇന്നും 19നുമായി വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. ഇതിനു മുമ്പ് ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു സിപിഎം നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ ഇതുണ്ടാവാന്‍ സാധ്യതയില്ല. ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നതു തങ്ങളുടെ മാത്രം ബാധ്യതയാക്കാന്‍ പറ്റില്ലെന്ന് സിപിഎം നിലപാടെടുത്തതോടെയാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാവാതെ പിരിഞ്ഞത്. എല്ലാ കക്ഷികളും സഹകരിക്കണമെന്ന് ആവശ്യപ്പെടാനാണു പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. മറ്റു കക്ഷികളുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാവാത്തതിനാല്‍ ഉറപ്പുള്ളതും ആശയക്കുഴപ്പമില്ലാത്തതുമായ നാല്‍പ്പതോളം സീറ്റുകളില്‍ മാത്രമാണു സിപിഎം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it