Flash News

ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേനാ നേതാവ് അറസ്റ്റില്‍

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ പ്രത്യേക അന്വേഷണസംഘം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ദിവസങ്ങള്‍ക്കു മുമ്പ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഹിന്ദു യുവസേനാ നേതാവും കേസില്‍ ഒന്നാം പ്രതിയുമായ കെ ടി നവീന്‍ കുമാറാണ് അറസ്റ്റിലായത്. ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലിസ് അനുമതി തേടും. പ്രതിയെ ഈ മാസം 15 വരെ കസ്റ്റഡിയില്‍ വിടാന്‍ ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
മറ്റു പ്രതികളെക്കുറിച്ച് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ നവീന്‍ കുമാറില്‍ നിന്നു ലഭിച്ചതായാണ് സൂചന. മാണ്ഡ്യയിലെ മദൂര്‍ സ്വദേശിയായ നവീന്‍ കുമാറിനെ ഒരാഴ്ച മുമ്പാണ് മെജസ്റ്റിക് ബസ് ടെര്‍മിനസിനു സമീപത്തുനിന്ന് നാടന്‍ തോക്കും തിരകളും കൈവശം വച്ചതിനു പോലിസ് കസ്റ്റഡിയില്‍ എടുത്തത്. പിടിച്ചെടുത്ത വെടിയുണ്ടകളിലെ സാമ്യമാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെടുത്താന്‍ പോലിസിനു തുമ്പായത്. തുടര്‍ന്ന് കോടതി ഇയാളെ ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഇന്നലെയാണ് നവീന്‍ കുമാറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.
നവീന്‍ കുമാറിന്റെ ജാമ്യഹരജിയെ എതിര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന്‍, ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു കോടതിയെ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന.
2017 സപ്തംബറിലാണ് വീടിനു പുറത്തു ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റു മരിക്കുന്നത്. എട്ടു മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോള്‍ ആദ്യ പ്രതിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നു പോലിസ് കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it