Flash News

ഗൗരി ലങ്കേഷ് വധം: മുഖ്യപ്രതി അറസ്റ്റില്‍

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായി കര്‍ണാടക പോലിസ്. കര്‍ണാടകയിലെ വിജയ്പുര ജില്ലയിലുള്ള സിന്ദഗിയില്‍ നിന്ന് പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരശുറാം വാഗ്മറെ (26) എന്നയാളാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.
ഗൗരി ലങ്കേഷ് മാതൃകയില്‍ മറ്റൊരു കൊലപാതകം കൂടി ഇയാള്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ ചാനല്‍ റിപോര്‍ട്ട് ചെയ്തു. ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളതായി അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. അറസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ മറാത്തി സംസാരിക്കുന്നയാളാണ്. കേസില്‍ അറസ്റ്റിലാവുന്ന ആറാമത്തെയാളാണ് വാഗ്മറെ.
ഇയാളായിരിക്കാം ഗൗരി ലങ്കേഷിനെ വെടിവച്ചതെന്നാണ് കരുതുന്നത്. എന്നാല്‍, പ്രതിയെ വിശദമായി ചോദ്യംചെയ്താലേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റൂവെന്നു പോലിസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം പോലിസ് തയ്യാറാക്കിയിരുന്നു.
കെ ടി നവീന്‍കുമാര്‍ എന്ന ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ അടക്കം അഞ്ചുപേര്‍ക്കെതിരേയാണ് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇവര്‍ സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി തുടങ്ങിയ ഹിന്ദുത്വ സംഘടനകളില്‍പ്പെട്ടവരാണ്.
ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് തന്നെയാണ് എഴുത്തുകാരനും പണ്ഡിതനുമായിരുന്ന എം എം കല്‍ബുര്‍ഗിയെയും കൊല്ലാന്‍ ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it