Flash News

ഗൗരി ലങ്കേഷ് വധം: ഡല്‍ഹിയില്‍ വന്‍ ബഹുജന പ്രക്ഷോഭം



ന്യൂഡല്‍ഹി:  മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരേ നടക്കുന്ന സംഘപരിവാര ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ വന്‍ ബഹുജന പ്രക്ഷോഭം. ജനാധിപത്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി നടന്ന പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണു രാജ്യ തലസ്ഥാനത്ത് പ്രതിഷേധ പരിപാടി നടന്നത്.  മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച് ഒരു മാസം പിന്നിട്ടിട്ടും കേസന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് നീതി ആവശ്യപ്പെട്ട് ഇവര്‍ തെരുവിലിറങ്ങിയത്. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ കൊലപാതകത്തിനു പിന്നില്‍ ഒരേ ശക്തികളാണെന്നു പ്രതിഷേധക്കാര്‍ ആരോപിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടകരമായ മൗനം തുടരുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും അപകടത്തിലാണെന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ദവല്‍ പറഞ്ഞു.മണ്ഡിഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ച് ജന്തര്‍മന്ദറില്‍ സമാപിച്ചു. പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാര്‍, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it