Flash News

ഗൗരി ലങ്കേഷ് വധം: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

ബംഗളൂരു: മാധ്യമ പ്രവര്‍ത്തകയും ഹിന്ദുത്വത്തിനെതിരേ ശക്തമായ നിലപാടു സ്വീകരിച്ച സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വസതിക്കു മുന്നില്‍ വെടിവച്ചു കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഹിന്ദു യുവസേനാ സ്ഥാപകാംഗമായ കെ ടി നവീന്‍ കുമാറാണു കേസിലെ മുഖ്യപ്രതി. മുംബൈ സെഷന്‍സ് കോടതിയില്‍ 650 പേജുള്ള കുറ്റപത്രമാണു സമര്‍പ്പിച്ചത്. 131 സാക്ഷികളുടെയും ഫോറന്‍സിക് വിദഗ്ധരുടെയും മൊഴികള്‍ കുറ്റപത്രത്തിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
അതിനിടെ, സംഘപരിവാര സംഘടനയായ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരായ നാലുപേരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹിന്ദു ജനജാഗൃതി സമിതി എന്ന ഹിന്ദുത്വ സംഘടനയുമായും ഇവര്‍ക്കു ബന്ധമുണ്ട്. കന്നഡ എഴുത്തുകാരന്‍ കെ എസ് ഭഗവാനെ മൈസൂരുവില്‍ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണു നാലുപേരും വലയിലായത്. ഇവരുടെ അറസ്റ്റ് ഗൗരി വധക്കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണ്.
ഗൗരി വധക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ മംഗളൂരു സ്വദേശിയായ സുജിത്കുമാര്‍ എന്ന കെ ടി പ്രവീണ്‍ കുമാറുമായി ഈ നാലു പേര്‍ക്കു ബന്ധമുള്ളതായി പോലിസ് പറഞ്ഞു. ഹിന്ദു ജനജാഗൃതി സമിതി പ്രവര്‍ത്തകന്‍ മഹാരാഷ്ട്രാ സ്വദേശി അമോല്‍ കലെ എന്ന ഭായ്‌സാബ് (39), സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകനായ ഗോവ സ്വദേശി അമിത് ദെഗവേക്കര്‍ എന്ന പ്രദീപ് (39), കര്‍ണാടക സ്വദേശി മനോഹര്‍ എഡവെ (28), മംഗളൂരുവിലെ ഹിന്ദു ജനജാഗൃതി സമിതി, സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ സുജീത് കുമാര്‍ എന്ന പ്രവീണ്‍ (37) എന്നിവരാണ് അറസ്റ്റിലായത്. എഴുത്തുകാരന്‍ ഭഗവാനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നതു സുജീത് കുമാറിന്റെ നേതൃത്വത്തിലായിരുന്നെന്നും പോലിസ് പറഞ്ഞു. ആയുധ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ പിടിയിലായിരുന്നു പ്രവീണ്‍ കുമാര്‍.
ഗൗരി ലങ്കേഷ് വധക്കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. നേരത്തെ അറസ്റ്റിലായ നവീന്‍കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രവീണിനെതിരേ അന്വേഷണം തുടങ്ങിയത്. തുടര്‍ന്നു കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി എസ്‌ഐടി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2009ല്‍ മാലേഗാവില്‍ ഹിന്ദുത്വര്‍ മുസ്്‌ലിം കേന്ദ്രത്തില്‍ നടത്തിയ സ്‌ഫോടനത്തില്‍ ബോംബ് സ്ഥാപിക്കുന്നതിനിടെ കൊല്ലപ്പെട്ട സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ മല്‍ഗോണ്ട പാട്ടീലിന്റെ സുഹൃത്താണ് അറസ്റ്റിലായ ദെഗവേക്കര്‍. ഇയാളെ നേരത്തെ പോലിസ് പിടികൂടിയിരുന്നെങ്കിലും കുറ്റംചുമത്താതെ വിട്ടയക്കുകയായിരുന്നു. വിവിധ ഹിന്ദുത്വ സംഘടനകളില്‍ നിന്നു തീവ്രസ്വഭാവമുള്ളവരെ തിരഞ്ഞെടുക്കുന്ന ചുമതല വഹിച്ചിരുന്ന പ്രധാനിയാണ് അറസ്റ്റിലായ അമോല്‍ കലെ. ഈ നാലു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയ അന്വേഷണ സംഘം ഇവരെ 10 ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.
2017 സപ്തംബര്‍ അഞ്ചിനു രാത്രി എട്ടു മണിയോടെ ബംഗളൂരുവിലെ വീടിനു മുന്നില്‍ വച്ചാണു ഗൗരിക്കു വെടിയേറ്റത്. വീട്ടിലേക്കു കയറുന്ന വഴിയിലും കാര്‍ പോര്‍ച്ചിലുമായി സ്ഥാപിച്ച രണ്ടു സിസി ടിവി കാമറകളില്‍ നിന്നു ലഭിച്ച ചിത്രങ്ങളാണ് അന്വേഷണത്തിനു തുമ്പുണ്ടാക്കിയത്.
Next Story

RELATED STORIES

Share it