Flash News

ഗൗരി ലങ്കേഷ് വധം : അന്വേഷണം സനാതന്‍ സന്‍സ്ഥയിലേക്ക്



ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക കേസിന്റെ അന്വേഷണം തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥയിലേക്ക്. അഞ്ചു പ്രവര്‍ത്തകര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണറിയുന്നത്. പൂനെ സ്വദേശി സാരംഗ് അമകാല്‍കര്‍ എന്ന സാരംഗ് കുല്‍ക്കര്‍ണി (38), മഹാരാഷ്ട്ര സ്വദേശികളായ ജയപ്രഭ എന്ന അണ്ണ (45), പ്രവീണ്‍ ലിങ്കാര്‍ (34), രുദ്ര പാട്ടീല്‍ (37), സത്താറ സ്വദേശി വിനസ് പവാര്‍ (32) എന്നിവരെയാണ് പോലിസ് തിരയുന്നത്. ഇവരില്‍ സാരംഗ്, രുദ്ര പാട്ടീല്‍, വിനയ് പവാര്‍ എന്നിവര്‍ നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവരെ വെടിവച്ചു കൊന്ന കേസില്‍ അന്വേഷണം നേരിടുന്നവരാണ്. നാലു കൊലപാതക രീതികളിലെയും സമാനതയാണ് ഇവരിലേക്ക് അന്വേഷണമെത്താന്‍ കാരണം. 2009ലെ-മഡ്ഗാവ് സ്‌ഫോടനക്കേസില്‍ രുദ്ര പാട്ടീല്‍, പ്രവീണ്‍ ലിംകാര്‍, ജയപ്രകാശ് എന്നിവര്‍ക്കു പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇവര്‍ക്കെതിരേ ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദു സംഘടനയാണു സനാതന്‍ സന്‍സ്ഥ. കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി സൂചിപ്പിച്ചിരുന്നു. കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ യുഎസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തതയുള്ള പകര്‍പ്പ് കിട്ടാന്‍ വേണ്ടിയാണിത്.
Next Story

RELATED STORIES

Share it