ഗൗരി ലങ്കേഷ് വധംകൊലയാളി സംഘത്തിന് അഞ്ച് സംസ്ഥാനങ്ങളില്‍ ശൃംഖല

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സംഘത്തിന്റെ ശൃംഖല അഞ്ചു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നുണ്ടെന്നു പോലിസ്. 60ഓളം പേര്‍ ഈ സംഘത്തില്‍ അംഗങ്ങളാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പരശുറാം വാഗ്മറെയ്ക്ക് കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടെന്ന് കേസന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കൊലപാതകവുമായി പരശുറാമിന് ബന്ധമില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്. പോലിസ് ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചു. ഗോവിന്ദ് പന്‍സാരെയെയും എം എം കല്‍ബുര്‍ഗിയെയും വധിക്കാന്‍ ഉപയോഗിച്ച അതേ തോക്കാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനും ഉപയോഗിച്ചതെന്നു നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍, കൊലപാതക സംഘത്തിനു നേതൃത്വം നല്‍കുന്ന സംഘടനയ്ക്ക് പ്രത്യേകം പേരില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ഹിന്ദുത്വ സംഘടനകളില്‍ നിന്നുള്ളവരാണ് അംഗങ്ങള്‍. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലാണ് സംഘടനയുടെ ശൃംഖല വ്യാപിച്ചിരിക്കുന്നത്. സംഘടനയിേലക്ക് ആളുകളെ കണ്ടെത്തുന്നത് മഹാരാഷ്ട്രയിലെ ഹിന്ദു ജാഗൃതി സമിതി, സനാതന്‍ സന്‍സ്ഥ എന്നീ ഹിന്ദുത്വ സംഘങ്ങളില്‍ നിന്നാണെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം ഗൗരി ലങ്കേഷ്, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ഹിന്ദു ജാഗൃതി സമിതിയും സനാതന്‍ സന്‍സ്ഥയും അറിയിച്ചു. സുജിത്ത് കുമാര്‍ എന്ന പ്രവീണ്‍ ആണ് കര്‍ണാടകയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. അറസ്റ്റിലായ പരശുറാമും കര്‍ണാടക സ്വദേശിയാണ്. ഗൗരി ലങ്കേഷിനെ വെടിവച്ചത് പരശുറാം ആണെന്നു പോലിസ് അറിയിച്ചു. കല്‍ബുര്‍ഗിയെയും പന്‍സാരയെയും വധിക്കാന്‍ ഉപയോഗിച്ചത് ഒരേ ആയുധമാണെന്നു ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. അറസ്റ്റിലായ ആറുപേരെ കൂടാതെ മൂന്നുപേര്‍ക്കു കൂടി കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. വര്‍ഷത്തില്‍ ആറുമാസം കൂടുമ്പോഴാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നത്. എഴുത്തുകാരന്‍ കെ എസ് ഭഗ്‌വാനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ അറസ്റ്റിലായത്. ഭഗ്‌വാനെ കൂടാതെ, ജ്ഞാനപീഠം പുരസ്‌കാരജേതാവ് ഗിരീഷ് കര്‍ണാട്, മുന്‍മന്ത്രിയും എഴുത്തുകാരനുമായ ബി ടി ലളിത നായിക്, യുക്തിവാദി സി എസ് ദ്വാരകാന്ത് എന്നിവരെയും വധിക്കാന്‍ സംഘം ആസൂത്രണം ചെയ്തിരുന്നു. പ്രതികളില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഐജി ബി കെ സിങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it