Flash News

ഗൗരി ലങ്കേഷ് : പ്രത്യേക പതിപ്പുമായി മീഡിയാ അക്കാദമി



തിരുവനന്തപുരം: ജര്‍മനിയിലെ ഹിറ്റ്‌ലര്‍ ഭരണത്തിനു സമാനമായി രാജ്യം പോവുന്നത് ഗൗരവത്തോടെ കാണണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള മീഡിയാ അക്കാദമി മീഡിയാ മാസികയുടെ ഗൗരി ലങ്കേഷ് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിറ്റ്‌ലറുടെ കാലത്ത് ജൂതന്‍മാര്‍, കമ്മ്യൂണിസ്റ്റുകാര്‍, ബുദ്ധിജീവികള്‍ തുടങ്ങി മാധ്യമ പ്രവര്‍ത്തകരെ വരെ കൊന്നൊടുക്കി. അതേ നിലയിലേക്ക് ഇന്ത്യാ രാജ്യം പോവുകയാണെന്നതു ഗൗരവത്തോടെ ചിന്തിക്കണം. ഇവിടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെയും അഭിപ്രായം പറയുന്നവരെയും വെടിവച്ചു കൊല്ലുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. ഇതു ഫാഷിസമാണ്. മാധ്യമരംഗത്തെ ശക്തമായ സ്ത്രീസാന്നിധ്യമായ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന സംഭവം ഒറ്റപ്പെട്ടതല്ല. ഡോ. ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ തുടങ്ങി അവസാനമായി ത്രിപുരയിലെ മാധ്യമപ്രവര്‍ത്തകന്‍ ശാന്തനു ഭൗമിക് വരെ കൊലപാതകങ്ങള്‍ എത്തിനില്‍ക്കുന്നു. സ്വതന്ത്രാഭിപ്രായം പറയുന്നവരെയും വര്‍ഗീയതയെ എതിര്‍ക്കുന്നവരെയും വെടിവച്ചു കൊല്ലുന്നത് ഒരേ സംഘമാണ്. ഇത് ആരാണെന്നു വ്യക്തമായിട്ടും അവരെ സംരക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഗോവയിലെ സനാതന്‍ സന്‍സ്തയെന്ന സംഘടനയാണ് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയതെന്നു ഫോറന്‍സിക് പരിശോധനയില്‍ നിന്നു വ്യക്തമായിക്കഴിഞ്ഞു. എന്നിട്ടും അവരെ സൈ്വരവിഹാരം നടത്താന്‍ അനുവദിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 2011 സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും അന്നത്തെ കേന്ദ്രസര്‍ക്കാര്‍ അതിനു തയ്യാറായില്ല. ഇപ്പോള്‍ ഗോവ, കേന്ദ്രസര്‍ക്കാരുകള്‍ ഈ സംഘത്തെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. കവി പ്രഭാവര്‍മ, കേരള മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, പ്രസ് ക്ലബ് പ്രസിഡന്റ് രാജീവ്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം സംസാരിച്ചു.
Next Story

RELATED STORIES

Share it