Flash News

ഗൗരി നേഹയുടെ മരണം : പിതാവ് ഹൈക്കോടതിയില്‍



കൊച്ചി: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ സ്—കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി രണ്ട് അധ്യാപികമാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഹൈക്കോടതി ഇന്നു വാദം കേള്‍ക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇന്നലെ ഗൗരി നേഹയുടെ പിതാവ് ആര്‍ പ്രസന്നകുമാര്‍ ഇടപെടല്‍ അപേക്ഷ സമര്‍പ്പിച്ചു. താന്‍ നടത്തുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിലേക്ക് മകളെ വിടാത്തതില്‍ കേസിലെ ആരോപണവിധേയയായ ക്രസന്‍സ് നേവിസിന് ദേഷ്യമുണ്ടായിരുന്നതായി ഇടപെടല്‍ അപേക്ഷ പറയുന്നു. ഒരു ദിവസം നിസ്സാര കാരണത്തിനു നേഹയെ നാലു മണിക്കൂര്‍ വെയിലത്ത് നിര്‍ത്തിയതിന് ഈ അധ്യാപികയ്‌ക്കെതിരേ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഒന്നാം ആരോപണവിധേയായ സിന്ധു പോള്‍ നേഹയെ മാനസികമായി പീഡിപ്പിച്ചു. ക്ലാസില്‍ സംസാരിച്ചു എന്നു പറഞ്ഞു ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തി. സീറ്റ് മാറ്റാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. മരണം നടന്ന ദിവസം ഉച്ചയ്ക്ക് നേഹ ഉച്ചഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ രണ്ട് ആരോപണവിധേയരും എത്തി കൂട്ടിക്കൊണ്ടു പോയി. ഇതിനു ശേഷമാണ് നേഹ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടുന്നത്. പരിക്കേറ്റ നേഹയെ സ്‌കൂള്‍ അധികൃതരുടെ തന്നെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. മതിയായ ചികില്‍സ നല്‍കാതിരുന്നതിനാല്‍ അനന്തപുരി ആശുപത്രിയിലേക്ക് കൊണ്ടുപോവേണ്ടി വന്നു. അവിടെ വച്ചാണ് മരണം സംഭവിക്കുന്നത്. കേസില്‍ നീതി ലഭിക്കണമെങ്കില്‍ ആരോപണവിധേയരെ ചോദ്യം ചെയ്യേണ്ടതുണ്ട്. പക്ഷേ, പോലിസിന് ഇതുവരെ ഇവരെ ചോദ്യം ചെയ്യാനായിട്ടില്ല. സംഭവം നടന്ന് അടുത്ത ദിവസം ശനിയാഴ്ചയായിട്ടും സ്‌കൂളില്‍ ഗൗരിയുടെ ക്ലാസുകാര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസ് വച്ചിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സാന്നിധ്യത്തിലാണ് വിദ്യാര്‍ഥികളുടെ മൊഴി പോലിസ് രേഖപ്പെടുത്തിയത്. പോലിസ് കോടതിയില്‍ ശരിയായ വിവരങ്ങള്‍ സമര്‍പ്പിക്കില്ലെന്നാണ് മനസ്സിലാവുന്നത്. അതിനാല്‍, കോടതിയുടെ ഭാഗത്തു നിന്ന് ഉചിതമായ നടപടിയുണ്ടാവണമെന്ന് അപേക്ഷയില്‍ പറയുന്നു. ആരോപണവിധേയരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ വാദിച്ചു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം മൂലമാണ് നേഹ ആത്മഹത്യ ചെയ്തതെന്ന ഹരജിക്കാരുടെ വാദം അംഗീകരിക്കാനാവില്ല. അധ്യാപകര്‍ നേഹയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയിലുണ്ട്. ആരോപണവിധേയരെ ചോദ്യം ചെയ്യാതെ കേസന്വേഷണം മുന്നോട്ടു പോവില്ല. ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഈ വശം ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. തുടര്‍ന്നാണ് ഹരജി ഇന്നു വാദം കേള്‍ക്കാനായി മാറ്റിയത്.
Next Story

RELATED STORIES

Share it