Flash News

ഗൗരി നേഹയുടെ മരണം : ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു



തിരുവനന്തപുരം: കൊല്ലം ട്രിനിറ്റി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത ഗൗരി നേഹയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ രാവിലെയാണ് മാതാപിതാക്കള്‍ പരാതി നല്‍കാനെത്തിയത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം ഗൗരിയുടെ പിതാവ് പ്രസന്നന്‍ പ്രതികരിച്ചു. മകളുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന സംശയമാണ് ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. നിലവിലെ അന്വേഷണം പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്നതാണെന്ന് അവര്‍ ആരോപിച്ചു. പ്രതികളെ ഇനിയും പിടികൂടാത്തത് ഇവരുടെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നു കുടുംബം കുറ്റപ്പെടുത്തി. അതിനാലാണ് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ചാടിയതെന്നാണ് പരാതി. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ കേസെടുത്തിരുന്നു. ആരോപിതരായ സിന്ധു, ക്രസന്റ് എന്നീ രണ്ട് അധ്യാപികമാര്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്ന ഇവര്‍ക്ക് അനുകൂല വിധി നേടാനാണ് പോലിസ് നടപടി വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. തങ്ങളുടെ മകള്‍ക്കുണ്ടായ ദുരന്തം മറ്റൊരു കുട്ടിക്കും ഇനി ഉണ്ടാവാതിരിക്കാനാണ് ഈ പോരാട്ടമെന്നു കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഗൗരിയുടെ പിതാവ് പ്രസന്നന്‍, മാതാവ് ഷാലി, സഹോദരി എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടു നിവേദനം നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം ട്രിനിറ്റി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയ ഗൗരി ഞായറാഴ്ചയാണ് മരിച്ചത്.
Next Story

RELATED STORIES

Share it