Flash News

ഗൗരി നേഹയുടെ ആത്മഹത്യ: പ്രേരണാകുറ്റം ചുമത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണം - ഹൈക്കോടതി



കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യംതേടി രണ്ടു അധ്യാപികമാര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം ആറിലേക്കു മാറ്റി. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസിലാണ് അധ്യാപികമാരായ സിന്ധു പോള്‍, ക്രസന്‍സ് നേവിസ് എന്നിവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 305ാം വകുപ്പുമായി മുന്നോട്ടു പോവുകയാണെങ്കില്‍ പോലിസ് വളരെയേറെ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്നലെ അപേക്ഷ പരിഗണിച്ചപ്പോള്‍ കോടതി പറഞ്ഞു. കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ വധശിക്ഷയോ പത്തു വര്‍ഷംവരെ തടവോ ലഭിക്കാവുന്ന വകുപ്പാണ് 305. ആരോപണ വിധേയരുടെ അറസ്റ്റ് തടയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഒക്ടോബര്‍ 20ന് സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗൗരി ഒക്ടോബര്‍ 23ന് ചികില്‍സയിലിരിക്കെയാണ് മരിച്ചത്. അധ്യാപികമാരുടെ ശകാരത്തെത്തുടര്‍ന്ന് മനംനൊന്താണ് ഗൗരി ആത്മഹത്യ ചെയ്തതെന്നു വിലയിരുത്തി കൊല്ലം വെസ്റ്റ് പോലിസ് ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമുള്‍പ്പെടെ ചുമത്തി കേസെടുക്കുകയായിരുന്നു. കുട്ടികള്‍ തമ്മിലുണ്ടായ നിസ്സാര പ്രശ്‌നത്തിന്റെ പേരിലാണ് ഗൗരി ആത്മഹത്യ ചെയ്തതെന്നും അധ്യാപകര്‍ക്ക് പങ്കില്ലെന്നും മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറയുന്നു. കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നം പ്രിന്‍സിപ്പലിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും. തങ്ങള്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ല. മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും ഇടപെട്ടതോടെ പോലിസ് അനാവശ്യമായി ശല്യം ചെയ്യുകയാണെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it