ഗൗരിയമ്മയുടെയും ജോര്‍ജിന്റെയും ഭാവി തുലാസില്‍

പി പി ഷിയാസ്തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലാതെ വന്നതോടെ പി സി ജോര്‍ജിന്റേയും ഗൗരിയമ്മയുടേയും ഭാവി തുലാസില്‍. പൂഞ്ഞാറില്‍ മല്‍സരിക്കാന്‍ ഇടതുപിന്തുണ ഇല്ലാതായതോടെയാണ് ജോര്‍ജ് വെട്ടിലായത്. എല്‍ഡിഎഫ് പിന്തുണയില്ലെങ്കിലും സ്വയംപ്രഖ്യാപിത എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനാണ് ജോര്‍ജിന്റെ തീരുമാനം. ഇതോടെ മണ്ഡലത്തില്‍ ചതുഷ്‌കോണ മല്‍സരത്തിന് തിരിതെളിയും. യുഡിഎഫ്, എല്‍ഡിഎഫ്, ബിഡിജെഎസ് സ്ഥാനാര്‍ഥികളാണ് ജോര്‍ജിനെതിരേ അങ്കത്തിനുണ്ടാവുക. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക്  വന്ന കോവൂര്‍ കുഞ്ഞുമോനും കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പിരിഞ്ഞ് ഇടത് പാളയത്തിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജിനും സംഘത്തിനും സീറ്റ് നല്‍കിയപ്പോഴാണ് പി സി ജോര്‍ജിനെ എല്‍ഡിഎഫ് തഴഞ്ഞത്. ഒപ്പം, പത്തനാപുരത്തു കെ ബി ഗണേഷ്‌കുമാറിനും സീറ്റു നല്‍കി. നിരന്തരം യുഡിഎഫിനെതിരേ പട നയിക്കുമ്പോഴും ജോര്‍ജിന്റെ പ്രതീക്ഷ എല്‍ഡിഎഫിലായിരുന്നു. യുഡിഎഫിനൊപ്പം നിന്നുതന്നെ അവര്‍ക്കെതിരേ എന്തും പറയാന്‍ മടികാണിക്കാതിരുന്ന ജോര്‍ജിന്റെ രീതിയോട് പിണറായി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുള്ള എതിര്‍പ്പാണ് തിരിച്ചടിയായത്. മുന്നണി സംവിധാനങ്ങള്‍ക്ക് പറ്റിയ ആളല്ല പി സി ജോര്‍ജെന്ന സിപിഎം നേതാക്കളുടെ അഭിപ്രായമാണ് പിന്തുണ നഷ്ടപ്പെടാന്‍ കാരണമെന്നാണ് സൂചന.  അവസാന നിമിഷംവരെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റും മണ്ഡലം കമ്മിറ്റികളും ജോര്‍ജിനൊപ്പം ഉണ്ടായിരുന്നെങ്കിലും അതൊന്നും സംസ്ഥാനതലത്തില്‍ വിലപ്പോയില്ല. സിപിഎമ്മിലെ ഒരുവിഭാഗം തന്നെ ചതിച്ചുവെന്നാണ് ജോര്‍ജിന്റെ മറുപടി.  ഫ്രാന്‍സിസ് ജോര്‍ജും സംഘവും തന്നെ മറികടന്ന് എല്‍ഡിഎഫില്‍ ചേര്‍ന്നതാണ് ജോര്‍ജിനെ വെട്ടിലാക്കിയത്. ജോര്‍ജിനു സീറ്റ് നല്‍കുന്നതില്‍ സിപിഐയും ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തി.ജെഎസ്എസിനും ഒരു സീറ്റുപോലും ലഭിക്കാത്തത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവായ ഗൗരിയമ്മയുടെ ഭാവിയും അനിശ്ചിതത്തിലാക്കുന്നു. സീറ്റ് ആവശ്യപ്പെട്ട് 22 വര്‍ഷത്തിനുശേഷം ഗൗരിയമ്മ എകെജി സെന്ററില്‍ പ്രവേശിച്ചതും ശ്രദ്ധേയമായിരുന്നു. ഒരു സീറ്റെങ്കിലും വേണമെന്നായിരുന്നു ജെഎസ്എസിന്റെ ആവശ്യം. ദുര്‍ബലമായ പാര്‍ട്ടിക്ക് വിജയസാധ്യത കുറവാണെന്ന വിലയിരുത്തലാണ് അവസരം നഷ്ടമാവാന്‍ കാരണം.  നേരത്തെ രണ്ട് സീറ്റുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിന് ഇത്തവണ ഒരു സീറ്റു മാത്രമാണുള്ളത്. തിരുവനന്തപുരവും കോതമംഗലവും എടുത്ത് പകരം കടുത്തുരുത്തി നല്‍കിയപ്പോള്‍ മുന്‍മന്ത്രി സുരേന്ദ്രന്‍പിള്ള പുറത്തായി. ഇന്നലെ വന്നവര്‍ക്ക് നാലും തങ്ങള്‍ക്ക് ഒന്നും നല്‍കിയത് നീതികേടാണെന്ന് സുരേന്ദ്രന്‍ പിള്ള പ്രതികരിച്ചു. തങ്ങളുടെ പ്രതിഷേധം എല്‍ഡിഎഫ് യോഗത്തില്‍ രേഖപ്പെടുത്തിയിരുന്നു. നടപടി തെറ്റായിപ്പോയെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, സഹകരിച്ച കക്ഷികള്‍ക്കൊക്കെ സീറ്റ് കൊടുക്കണമെന്നില്ലെന്നായിരുന്നു വൈക്കം വിശ്വന്റെ പ്രതികരണം. സീറ്റ് നല്‍കിയില്ലെങ്കിലും ജെഎസ്എസും പി സി ജോര്‍ജും എല്‍ഡിഎഫിനൊപ്പം സഹകരിച്ച് മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it