ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കല്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഭീമ കൊരേഗാവ് കേസില്‍ അറസ്റ്റിലായ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരിലൊരാളായ ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കല്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഒരാളെ 24 മണിക്കൂറിലധികം തടങ്കലില്‍ വയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കീഴ്‌ക്കോടതി കാര്യഗൗരവമില്ലാതെയാണ് കേസ് പരിഗണിച്ചതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. നവ്‌ലാഖയെ പൂനെയിലേക്ക് കൊണ്ടുപോവാന്‍ അനുമതി നല്‍കി കീഴ്‌ക്കോടതി നല്‍കിയ ഉത്തരവും ഹൈക്കോടതി റദ്ദാക്കി.കോടതി തനിക്കു സ്വാതന്ത്ര്യം നല്‍കി. ഇത് ഒന്നിന്റെയും അവസാനമല്ലെന്നും നവ്‌ലാഖ പ്രതികരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച സുപ്രിംകോടതി, അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് കീഴ്‌ക്കോടതിയെ സമീപിക്കാനുള്ള സൗകര്യത്തിനായി നാലാഴ്ചത്തേക്ക് വീട്ടുതടങ്കല്‍ നീട്ടിനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നവ്‌ലാഖ ഹൈക്കോടതിയെ സമീപിച്ചത്.
കീഴ്‌ക്കോടതി നവ്‌ലാഖയെ പൂനെയിലേക്ക് കൊണ്ടുപോവാന്‍ അനുമതി നല്‍കും മുമ്പ് കേസിലെ രേഖകള്‍ പരിശോധിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്തു കുറ്റത്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് പോലിസ് നവ്‌ലാഖയോട് പറയുകയോ അറസ്റ്റിന്റെ കാര്യം മുന്‍കൂട്ടി അറിയിക്കുകയോ ചെയ്തില്ല. രണ്ടു ദിവസത്തേക്ക് കൂടി വീട്ടുതടങ്കല്‍ നീട്ടണമെന്ന മഹാരാഷ്ട്ര പോലിസ് കോണ്‍സലിന്റെ അപേക്ഷ അംഗീകരിച്ചില്ല. പോലിസ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ അറസ്റ്റിലായ നവ്‌ലാഖയെ സാകേത് കോടതിയില്‍ ഹാജരാക്കിയാണ് പോലിസ് പൂനെയിലേക്ക് കൊണ്ടുപോവാന്‍ അനുമതി വാങ്ങിയത്.
ഇത്തരത്തില്‍ കൊണ്ടുപോവാന്‍ പൂനെ പോലിസിന് അധികാരമുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it