ഗ്വണ്ടാനമോ തടവറയില്‍ ഇനി 105 പേര്‍; രണ്ട് യമനികളെ ഘാനയിലേക്കയച്ചു

അക്ര: കുപ്രസിദ്ധ യുഎസ് സൈനികതടവറയായ ഗ്വണ്ടാനമോയില്‍നിന്നു രണ്ട് യമനി തടവുകാരെ ഘാനയിലേക്കയച്ചു. ഖാലിദ് അല്‍-ദുബി, മഹ്മൂദ് ഒമര്‍ ബിന്‍ അതെഫ് എന്നിവരെയാണ് മോചിപ്പിച്ചത്.
ഖാലിദിനെ മോചിപ്പിക്കാന്‍ 2006 മുതലും മഹ്മൂദിനെ മോചിപ്പിക്കാന്‍ 2009 മുതലും അനുമതി നല്‍കിയിരുന്നതായി പെന്റഗണ്‍ അറിയിച്ചു. കുറ്റങ്ങളൊന്നും ചുമത്താതെ പത്തു വര്‍ഷത്തിലധികമായി ഇവരെ തടവറയില്‍ പാര്‍പ്പിച്ച് ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കിക്കൊണ്ടിരിക്കുകയായിരുന്നു. സുരക്ഷാകാര്യങ്ങള്‍ കണക്കിലെടുത്ത് ഇവര്‍ക്ക് അടുത്ത രണ്ടുവര്‍ഷത്തേക്ക് രാജ്യത്തു തങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഘാന വിദേശകാര്യ മന്ത്രി ഹന്ന തെത്തെഫ് അറിയിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ ആദ്യമായാണ് ഗ്വണ്ടാനമോ തടവുപുള്ളികളെ താമസിപ്പിക്കുന്നത്.
2001ലെ ലോക വ്യാപാരകേന്ദ്രത്തില്‍ ആക്രമണം നടന്നതിനു ശേഷം സായുധസംഘടനകളുമായി ബന്ധമുള്ളവരെ താമസിപ്പിക്കാനാണ് യുഎസ് ക്യൂബയുടെ ദ്വീപ് പ്രദേശമായ ഗ്വണ്ടാനമോയില്‍ തടവറ സ്ഥാപിച്ചത്. 2017ല്‍ താന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനു മുമ്പ് ഗ്വണ്ടാനമോ തടവറ അടച്ചുപൂട്ടുമെന്ന് ഒബാമ പ്രഖ്യാപിച്ചിരുന്നു. മഹ്മൂദ് ഒമര്‍ ബിന്‍ അതെഫ് സൗദിയില്‍ ജനിച്ച യമനി പൗരനാണെന്നാണ് സൈനികരേഖകളിലുള്ളത്.
ഖാലിദ് ഇല്‍ ദുബി പോരാട്ടത്തിനായി യമനില്‍നിന്ന് അഫ്ഗാനിലേക്ക് പുറപ്പെട്ടയാളാണെന്നാണ് കരുതുന്നത്. നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഗ്വണ്ടാനമോ തടവുകാരെ സ്വീകരിച്ചത്. 2002 മുതല്‍ 780 തടവുകാരാണ് ഗ്വണ്ടാനമോയിലുണ്ടായിരുന്നത്. നിലവില്‍ 105 തടവുകാരാണ് ഗ്വണ്ടാനമോയിലുള്ളതെന്നും ഇവരില്‍ 50ഓളം പേരെ വിട്ടയക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും യുഎസ് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it