ഗ്വണ്ടാനമോയില്‍ നിന്നു കൂടുതല്‍ തടവുകാരെ വിട്ടയച്ചേക്കും

വാഷിങ്ടണ്‍: യുഎസിന്റെ ഗ്വണ്ടാനമോ സൈനിക തടവറയില്‍ നിന്നു കൂടുതല്‍ തടവുകാരെ രണ്ടു രാജ്യങ്ങളിലേക്കു മാറ്റാന്‍ പദ്ധതിയിടുന്നതായി പെന്റഗണ്‍ അറിയിച്ചു. ആദ്യഘട്ട മാറ്റം ഏതാനും ദിവസങ്ങള്‍ക്കുള്ളിലുണ്ടാവുമെന്നാണു കരുതുന്നത്. ബാക്കിയുള്ളവരെ ആഴ്ചകള്‍ക്കുള്ളിലും തടവറയില്‍ നിന്നു മാറ്റും. ഗ്വണ്ടാനമോ തടവറ അടച്ചുപൂട്ടാനുള്ള യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നീക്കത്തില്‍ ഒടുവിലത്തെ നടപടിയാണിത്.
2001 സപ്തംബര്‍ മാസത്തില്‍ യുഎസിലെ ലോക വ്യാപാരകേന്ദ്രം അല്‍ഖാഇദ ആക്രമണത്തില്‍ തകര്‍ന്നതിനു പിന്നാലെയാണ് യുഎസ് ക്യൂബയുടെ അധീനതയിലുള്ള ദ്വീപില്‍ ഈ തടവറ സ്ഥാപിക്കുന്നത്. തീവ്രവാദികളെന്ന പേരില്‍ പിടിക്കപ്പെടുന്നവരെ കഠിനമായി പീഡിപ്പിക്കുന്നതിനായാണു തടവറ ഉപയോഗിച്ചുവരുന്നത്. തടവറയിലെ പീഡനങ്ങളെത്തുടര്‍ന്ന് ശരീരഭാരം പകുതിയായി കുറഞ്ഞ യമനി പൗരന്‍ താരിഖ് ബാ ഔദയും മോചിപ്പിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടും.
നിലവില്‍ 91 പേരാണ് തടവറയിലുള്ളത്. ഇവരില്‍ കൂടുതല്‍ പേരും കുറ്റം ചുമത്താതെയോ വിചാരണയ്ക്കു വിധേയമാക്കാതെയോ 10 വര്‍ഷത്തിലധികമായി തടവറയില്‍ കഴിഞ്ഞുവരുന്നവരാണ്. തടവറയിലെ പീഡനം അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു.
അതേസമയം, ഗ്വണ്ടാനമോ അടച്ചുപൂട്ടാനുള്ള ഒബാമയുടെ ശ്രമത്തിനെതിരേ വ്യാപകമായ എതിര്‍പ്പാണ് കോണ്‍ഗ്രസ്സില്‍ നിന്നുള്ളത്. ഡമോക്രാറ്റിക് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ട്. 37 പേരെ അവരുടെ രാജ്യത്തേക്കോ മറ്റു രാജ്യങ്ങളിലേക്കോ മാറ്റാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it