kannur local

ഗ്രോബാഗില്‍ കഞ്ചാവ് കൃഷി; യുപി സ്വദേശി പിടിയില്‍



പയ്യന്നൂര്‍: രാമന്തളിയിലെ താമസസ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. തേപ്പ് തൊഴിലാളിയായ അര്‍ജുന്‍ സിങി(25)നെയാണ് പയ്യന്നൂര്‍ പോലിസിന് കൈമാറിയത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം. ഗ്രോബാഗില്‍ വളര്‍ത്തിയിരുന്ന 10 കഞ്ചാവ് ചെടികളും കസ്റ്റഡിയിലെടുത്തു. അര്‍ജുന്‍ സിങ് താമസിക്കുന്ന രാമന്തളി വടക്കുമ്പാട് പോസ്‌റ്റോഫിസിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലേക്ക് രാത്രിയില്‍ അപരിചിതര്‍ വന്നുപോവുന്നതില്‍ സംശയം തോന്നിയ പരിസരവാസികള്‍ ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. പരിസര പ്രദേശത്ത് കുറച്ചു നാളായി കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന സൂചനകളുമുണ്ടായിരുന്നു. വിവിധ ജോലികള്‍ക്കായെത്തുന്ന ഉത്തരേന്ത്യക്കാരാണ് കഞ്ചാവ് വില്‍പ്പനയ്ക്കു പിന്നിലെന്നു വിവരം ലഭിച്ചിരുന്നു. ഗ്രോബാഗുകളില്‍ വളര്‍ത്തുന്ന കഞ്ചാവ് ചെടികള്‍ ഇയാള്‍ ക്വാര്‍ട്ടേഴ്‌സിലുള്ള സമയങ്ങളില്‍ മുറിയില്‍ നിന്നു പുറത്തിറക്കി വയ്ക്കുകയും പുറത്തുപോവുമ്പോള്‍ മുറിയിലേക്കു മാറ്റുകയുമാണ് ചെയ്തിരുന്നത്. ഇക്കാര്യം മനസ്സിലാക്കിയ യുവാക്കള്‍ കഴിഞ്ഞ ദിവസം രാത്രി പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലിസ് കഞ്ചാവ് ചെടികള്‍ ഉള്‍പ്പെടെ ഇയാളെ കസ്റ്റഡിയിലെടുത്തു. ചെടികള്‍ക്ക് മൂന്ന് മാസത്തോളം വളര്‍ച്ചയുണ്ടാവുമെന്നാണ് നിഗമനം.
Next Story

RELATED STORIES

Share it