Sports

ഗ്രൂപ്പ് സി: ജയത്തോടെ ജര്‍മനിയും പോളണ്ടും പ്രീക്വാര്‍ട്ടറില്‍

പാരിസ്/ മാഴ്‌സെ: നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനിയും പോളണ്ടും യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഗ്രൂപ്പ് സിയിലെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് മല്‍സരങ്ങളില്‍ ജയിച്ചാണ് ഇരുടീമിന്റെയും പ്രീക്വാര്‍ട്ടര്‍ പ്രവേശനം.
ജര്‍മനി എതിരില്ലാത്ത ഒരു ഗോളിനു വടക്കന്‍ അയര്‍ലന്‍ഡിനെ മറികടക്കുകയായിരുന്നു. 30ാം മിനിറ്റില്‍ മരിയോ ഗോ മസ് നേടിയ ഗോളാണ് ജര്‍മനിക്കു ജയമൊരുക്കിയത്. തോറ്റെങ്കിലും ഗ്രൂപ്പുഘട്ടത്തിലെ മികച്ച നാലു ടീമുകളിലൊന്നായി വടക്കന്‍ അയര്‍ലന്‍ഡും അവസാന 16ല്‍ ഇടംപിടിച്ചു.
മറ്റൊരു കളിയില്‍ പോളണ്ട് ഇതേ സ്‌കോറിന് ഉക്രെയ്‌നിനെ കീഴടക്കി. 54ാം മിനിറ്റില്‍ യാക്കുബ് ബ്ലാസികോവ്‌സ്‌കിയുടെ വകയായിരുന്നു വിജയഗോള്‍.
മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു ജയവും ഒരു സമനിലയുമടക്കം ജര്‍മനിക്കും പോളണ്ടിനും ഏഴു പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച ഗോള്‍ശരാശരിയുടെ മികവില്‍ ജര്‍മനി ഗ്രൂപ്പ് ചാംപ്യന്മാരാവുകയായിരുന്നു. മൂന്നു പോയിന്റുള്ള അയര്‍ലന്‍ഡാണ് ഗ്രൂപ്പില്‍ മൂന്നാമത്. അതേസമയം, മൂന്നു മല്‍സരങ്ങളും തോറ്റതിന്റെ നാണക്കേടുമായാണ് ഉക്രെയ്‌നിന്റെ മടക്കം.
അയര്‍ലന്‍ഡിനെതിരേ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ഇവയൊന്നും ഗോളാക്കി മാറ്റാന്‍ ജര്‍മനിക്കു സാധിച്ചില്ല. ഐറിഷ് ഗോള്‍കീപ്പര്‍ മൈക്കല്‍ മക്‌ഗോവന്റെ ചില തകര്‍പ്പന്‍ സേവുകളാണ് ജര്‍മനിക്കു ഗോള്‍ നിഷേധിച്ചത്. നിര്‍ഭാഗ്യവും ജര്‍മനിക്കു തിരിച്ചടിയായി. തോമസ് മുള്ളറുടെ ഷോട്ട് ഗോളിയെ കബളിപ്പിച്ചെങ്കിലും ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.
പോളണ്ടിനെതിരേ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഉക്രെയ്‌നിനു ഗോള്‍ നേടാനായില്ല. ഉക്രെയ്‌നിന്റെ മുന്നേറ്റങ്ങളെ പോ ളണ്ട് ശക്തമായ പ്രതിരോധത്തിലൂടെ വിഫലമാക്കി.
Next Story

RELATED STORIES

Share it