World

ഗ്രീസ് വിവാദ നികുതി പെന്‍ഷന്‍ ബില്ല് പാസാക്കി

ഏതന്‍സ്: പ്രതിഷേധങ്ങള്‍ക്കിടെ ഗ്രീക്ക് പാര്‍ലമെന്റ് വിവാദ നികുതി പെന്‍ഷന്‍ ബില്ല് പാസാക്കി. യൂറോപ്യന്‍ യൂനിയന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും (ഐഎംഎഫ്) ശുപാര്‍ശ പ്രകാരമുള്ള ബില്ലിനെതിരേ പ്രതിഷേധവുമായി ആയിരങ്ങളാണ് തലസ്ഥാനമായ ഏതന്‍സിലും തെസ്സലോനികി നഗരത്തിലും തെരുവിലിറങ്ങിയത്. ഗ്രീസിലെ ഉയര്‍ന്ന പെന്‍ഷന്‍ പരിധികളില്‍ കുറവു വരുത്തുക, പെന്‍ഷന്‍ ഫണ്ടുകള്‍ സംയോജിപ്പിക്കുക, പെന്‍ഷന്‍ ഫണ്ടിലേക്ക് തൊഴിലാളികള്‍ നല്‍കേണ്ട സാമ്പത്തിക പങ്കാളിത്തം വര്‍ധിപ്പിക്കുക, ഇടത്തരം വരുമാനക്കാരുടെയും ഉയര്‍ന്ന വരുമാനക്കാരുടെയും ആദായനികുതി ഉയര്‍ത്തുക തുടങ്ങിയവ ബില്ലിലെ പ്രധാന നിര്‍ദേശങ്ങളാണ്. ഏതന്‍സില്‍ 18,000ത്തോളം പേരും തെസ്സലോനികിയില്‍ 8000ത്തോളം പേരും കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ റാലികളില്‍ പങ്കെടുത്തു. റാലിയെത്തുടര്‍ന്ന് മധ്യ ഏതന്‍സില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി രാജ്യത്ത് നടപ്പാക്കുന്ന കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ബില്ല് ജനങ്ങള്‍ക്ക് കടുത്ത ഭാരമാവുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ബില്ലിലെ വ്യവസ്ഥകള്‍ നടപ്പാക്കിയാല്‍ സ്വയം തൊഴില്‍ ചെയ്യുന്നവരും പ്രഫഷനലുകളും വരുമാനത്തിന്റെ 55 ശതമാനത്തോളം നികുതി നല്‍കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. 2010 മുതല്‍ക്കുള്ള ഗ്രീസിന്റെ കടങ്ങളുടെ മൂന്നിലൊന്ന് എഴുതിത്തള്ളിക്കൊണ്ടുള്ള നടപടിക്കു പകരമായി ഇയുവും ഐഎംഎഫും ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായാണ് പുതിയ നിയമനിര്‍മാണം.
Next Story

RELATED STORIES

Share it