ഗ്രീസില്‍ 22 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു

ഏതന്‍സ്: ഗ്രീസ് സമുദ്രപരിധിയിലുണ്ടായ രണ്ടു ബോട്ടപകടങ്ങളില്‍പ്പെട്ട് 22 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു. കലിംനോസ് ദ്വീപിനു സമീപമുണ്ടായ അപകടത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായും 138 പേരെ രക്ഷപ്പെടുത്തിയതായും ഗ്രീക്ക് അധികൃതര്‍ അറിയിച്ചു. റോഡ്‌സ് ദ്വീപുകള്‍ക്കു സമീപമുണ്ടായ മറ്റൊരു അപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. മൂന്നു പേരെ കാണാതായിട്ടുണ്ട്.
അതേസമയം, ബുധനാഴ്ചയുണ്ടായ ഒരപകടത്തില്‍ കടലില്‍ മുങ്ങിയ അഭയാര്‍ഥി ബാലന്റെ മൃതദേഹം ഇന്നലെ അഗതോനിസ്സി ദ്വീപിനു സമീപത്തു നിന്ന് കണ്ടെടുത്തു. മല്‍സ്യബന്ധനത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ യൂറോപ്പിലേക്കു യാത്ര തിരിക്കവെ കൊല്ലപ്പെട്ട അഭയാര്‍ഥികളുടെ എണ്ണം 50 ആയി. ഇതില്‍ ഭൂരിപക്ഷവും കുട്ടികളാണ്. സ്‌പെയിനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം നാലു കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മൊറോക്കോയില്‍ നിന്ന് സ്‌പെയിനിലേക്കു തിരിച്ച ബോട്ടിലെ യാത്രക്കാരായിരുന്നു ഇവര്‍.
അതേസമയം, അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കുന്നതില്‍ യൂറോപ്യന്‍ അധികൃതര്‍ പുലര്‍ത്തുന്ന കെടുകാര്യസ്ഥതയെ ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് വിമര്‍ശിച്ചു. മനുഷ്യത്വപരമായ മൂല്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ യൂറോപ്പ് പരാജയപ്പെടുകയാണ്. അപകടം നിറഞ്ഞ കടല്‍യാത്രയ്ക്കു പകരം അഭയാര്‍ഥികള്‍ക്കു സുരക്ഷിതമായ മാര്‍ഗങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കൊല്ലപ്പെട്ട അഭയാര്‍ഥികളെ മാത്രമല്ല, യൂറോപ്പിന്റെ നാഗരികതകളെക്കൂടിയാണ് ഈ കടലിലെ തിരമാലകള്‍ ഒഴുക്കിക്കളയുന്നതെന്നും ഗ്രീസ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ സിപ്രസ് പറഞ്ഞു. അഭയാര്‍ഥി വിഷയത്തില്‍ യൂറോപ്യന്‍ അധികൃതര്‍ക്ക് ആത്മാര്‍ഥതയില്ല. ഇവര്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും സിപ്രസ് പറഞ്ഞു.
Next Story

RELATED STORIES

Share it