ഗ്രീസില്‍ സിറിയന്‍ അഭയാര്‍ഥി ഒളിംപിക്‌സ് ദീപശിഖയേന്തും

ഏതന്‍സ്: സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ കാല് നഷ്ടപ്പെട്ട മുന്‍ അത്‌ലറ്റ് ഇബ്രാഹിം അല്‍ ഹുസയ്ന്‍ (27) ഗ്രീസ് തലസ്ഥാനമായ ഏതന്‍സിലെ അഭയാര്‍ഥി കേന്ദ്രങ്ങളിലൂടെയുള്ള പ്രയാണത്തില്‍ ഒളിംപിക്‌സ് ദീപശിഖയേന്തും. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഇലിയോനാസിലെ ക്യാംപുകളിലൂടെയുള്ള പ്രയാണത്തിലാണ് ഹുസയ്ന്‍ ദീപശിഖയേന്തുക. 1500ഓളം അഭയാര്‍ഥികളാണു മേഖലയില്‍ താല്‍ക്കാലികമായി തങ്ങുന്നത്.
ഏതന്‍സിലെ 2,600 വര്‍ഷം പഴക്കമുള്ള ഹെറ ക്ഷേത്രത്തില്‍ നിന്നായിരിക്കും ദീപശിഖാ പ്രയാണം ആരംഭിക്കുക. ഇറാഖ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള സിറിയയിലെ ദെയന്‍ എസര്‍ പ്രവിശ്യയിലായിരുന്നു ഹുസയ്ന്‍ താമസിച്ചിരുന്നത്. നീന്തല്‍, ജൂഡോ താരമായിരുന്ന ഹുസയ്‌ന്റെ വലതുകാലിന്റെ പകുതിയും ബോംബാക്രമണത്തില്‍ നഷ്ടപ്പെട്ടു. താന്‍ വീല്‍ ചെയറിലിരുന്നുകൊണ്ട് ബാസ്‌കറ്റ് ബോള്‍ കളിക്കുമെന്നും 28 സെക്കന്‍ഡ് കൊണ്ട് 50 മീറ്ററോളം തനിക്ക് ഇപ്പോഴും നീന്താന്‍ സാധിക്കുമെന്നും യുഎന്‍ അഭയാര്‍ഥി ഏജന്‍സിയോട് ഹുസയ്ന്‍ പറഞ്ഞു.
എല്ലാ സിറിയന്‍ അഭയാര്‍ഥികളെയും പ്രതിനിധീകരിച്ചാണ് താന്‍ ദീപശിഖയേന്തുകയെന്ന് ഹുസയ്ന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it