World

ഗ്രീസില്‍ കാട്ടുതീ: 60 മരണം

ഏതന്‍സ്: ഗ്രീസില്‍ തലസ്ഥാനമായ ഏതന്‍സിനടുത്ത് കാട്ടുതീ പടര്‍ന്ന് 60 പേര്‍ വെന്തുമരിച്ചു. കടലും കാടും ചേരുന്ന മാറ്റി ഗ്രാമത്തിലാണ് സംഭവം. മരിച്ചവരില്‍ അധികവും കുട്ടികളാണ്. റാഫിനാ തുറമുഖത്താണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്.
മരണം 60 കവിഞ്ഞതായും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റാഫിനാ മേയര്‍ ഗിര്‍ഗോസ് കൊക്കേളിസ് അറിയിച്ചു. 150ല്‍ അധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും സമീപത്തെ വീടുകളും കത്തിയ—മര്‍ന്നു.
മാറ്റി ഗ്രാമത്തെ  വിഴുങ്ങിയ തീ പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.
കഴിഞ്ഞ കുറെ മാസങ്ങളായി കടുത്ത വേനലാണ് സ്ഥലത്തനുഭവപ്പെടുന്നത്. ഇതാണ് കാട്ടുതീക്ക് കാരണമായത്. തീ പടര്‍ന്നു കയറിയപ്പോള്‍ തീരത്തുനിന്ന് ആളുകള്‍ ഓടി കടലില്‍ അഭയം പ്രാപിക്കാന്‍ ശ്രമിച്ചു. വെള്ളത്തില്‍ ചാടിയ നിരവധി പേര്‍ രക്ഷപ്പെട്ടു. കെട്ടിടത്തിനകത്തും കാറിനകത്തും കുടുങ്ങി നിരവധി മരണങ്ങളുണ്ടായി.
അപകടങ്ങള്‍ നിയന്ത്രിക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി അലക്‌സി സിപ്രാസ് പറഞ്ഞു. അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ആറ്റിക്ക പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it