ഗ്രീസിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തുടരുന്നു

ബ്രസ്സല്‍സ്: അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയനും (ഇയു) തുര്‍ക്കിയും രൂപപ്പെടുത്തിയ ധാരണ പ്രാബല്യത്തില്‍ വന്നിട്ടും പടിഞ്ഞാറന്‍ മെഡിറ്ററേനിയനിലൂടെ ഗ്രീസിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തുടരുന്നു. ഞായറാഴ്ച രാവിലെയും തുര്‍ക്കിയില്‍ നിന്ന് അഞ്ചു ബോട്ടുകളിലായി 150 അഭയാര്‍ഥികള്‍ ഗ്രീസിലെത്തിയെന്നാണ് റിപോര്‍ട്ട്. സിറിയയിലെ റഷ്യന്‍ ബോംബേറില്‍ നിന്നു രക്ഷപ്പെട്ടവരാണ് ഇതില്‍ ഭൂരിഭാഗവും.
രേഖകളില്ലാതെ ഗ്രീസിലും മറ്റു യുറോപ്യന്‍ രാജ്യങ്ങളിലും തങ്ങുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയച്ച് പകരം തുര്‍ക്കിയിലെ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുള്ളവരെ യുറോപ്പില്‍ പുനരധിവസിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്. അതേസമയം തങ്ങളെ തിരിച്ചയക്കില്ലെന്ന ധാരണയില്‍ തുര്‍ക്കിയില്‍ നിന്നു യുറോപ്പിലേക്ക് ചേക്കേറുകയാണ് അഭയാര്‍ഥികള്‍. യുദ്ധം ദുരിതം വിതച്ച നാട്ടില്‍ നിന്നുവരുന്ന തങ്ങളെ തിരിച്ചയക്കില്ലെന്നാണു പ്രതീക്ഷയെന്നും മാനുഷിക പരിഗണനയില്‍ ഒരഭയസ്ഥാനമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും സിറിയയില്‍ നിന്നുള്ള അഹ്മദ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. സിറിയയിലെ യുദ്ധം മാത്രമല്ല, തുര്‍ക്കിയിലെ സാഹചര്യങ്ങളും തങ്ങള്‍ക്കനുകൂലമല്ലെന്ന് ഇവര്‍ പറയുന്നു.
തങ്ങളുടെ കുടംബം ജര്‍മനിയിലും മറ്റുമാണെന്നും തങ്ങള്‍ അവിടങ്ങളിലേക്കുള്ള യാത്രയിലാണെന്നും തുര്‍ക്കിയിലേക്ക് തിരികേ പോവില്ലെന്നുമാണ് അഭയാര്‍ഥികളില്‍ ചിലരുടെ നിലപാട്. മാര്‍ച്ച് 20 മുതല്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനായിരുന്നു ഇയു തുര്‍ക്കിയുമായുണ്ടാക്കിയ ധാരണ. അഭയാര്‍ഥികളെ എങ്ങിനെ തിരിച്ചയക്കും എന്നതടക്കം, ധാരണ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ധാരണ നടപ്പാക്കാന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍, പരിഭാഷകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ 2,300 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായി ഇയു അധികൃതര്‍ അറിയിച്ചു. എന്നാല്‍ ധാരണ പ്രാവര്‍ത്തികമാക്കാന്‍ കുടുതല്‍ സമയമെടുക്കുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it