Cricket

ഗ്രീന്‍ഫീല്‍ഡില്‍ കീവീസ് ഫ്രൈ

ഗ്രീന്‍ഫീല്‍ഡില്‍ കീവീസ് ഫ്രൈ
X


എച്ച് സുധീര്‍

തിരുവനന്തപുരം: ആവേശം അവസാന ഓവര്‍ വരെ എത്തിനിന്ന മല്‍സരത്തില്‍ കിവീസിന്റെ ചിറകരിഞ്ഞ് ഇന്ത്യക്ക് പരമ്പര. മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ആറ് റണ്‍സിനാണ് നീലപ്പട വിജയക്കൊടി പാറിച്ചത്. മഴ ഇടക്കിടെ വില്ലനായ മല്‍സരത്തില്‍ കളി എട്ടോവറാക്കി ചുരുക്കിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് അടിച്ചെടുത്തു. മറുപടിക്കിറങ്ങിയ കിവീസിനെ കൃത്യമായ ഇടവേളകളില്‍ മടക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ കിവീസിന്റെ പോരാട്ടം എട്ടോവറില്‍ ആറ് വിക്കറ്റിന് 61 എന്ന നിലയില്‍ അവസാനിച്ചു. ജയത്തോടെ മൂന്ന് മല്‍സര പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യയുടെ ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി പരമ്പര വിജയംകൂടിയാണിത്.ആദ്യ ഓവര്‍ എറിഞ്ഞ ട്രെന്റ് ബോള്‍ട്ടിന്റെ ആദ്യപന്തില്‍ സിഗിംളെടുത്ത് രോഹിത് ശര്‍മയാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. നാലാമത്തെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ശിഖര്‍ ധവാന്‍ സ്‌കോറിങിന് വേഗത കൂട്ടി. മിച്ചല്‍ സാന്റര്‍ എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്ത് രോഹിത് ബൗണ്ടറി കടത്തി. ടിം സൗത്തിയുടെ മൂന്നാം ഓവറിലാണ് ഇന്ത്യയുടെ തകര്‍ച്ച തുടങ്ങിയത്. തുടര്‍ച്ചയായി പന്തുകളില്‍ ധവാനേയും രോഹിതിനേയും മടക്കിയ സൗത്തി ഹാട്രിക്കിന്റെ വക്കിലെത്തി. ആറു റണ്‍സെടുത്ത ധവാനും എട്ടു റണ്‍സെടുത്ത രോഹിതും ഓഫ് സൈഡില്‍ സാന്ററുടെ കൈകളില്‍ ഒതുങ്ങിയതോടെ ഇന്ത്യ രണ്ടിന് 15ന് എന്ന നിലയിലെത്തി. തുടര്‍ന്ന് ആക്രമിച്ചുകളിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലി ഇഷ് സോധിയെ തുടര്‍ച്ചയായി ലോങ് ഓണിലേക്ക് ഫോറും സിക്‌സും പായിച്ചെങ്കിലും അടുത്തപന്തില്‍ പുറത്തായി. ആറു റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ സോധിയുടെ ബോളില്‍ ഗുപ്റ്റിലിന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് മനീഷ് പാണ്ഡെയും ഹര്‍ദിക് പാണ്ഡ്യയും സ്‌കോറിങ് വേഗത കൂട്ടി. ഒരു ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 11 പന്തില്‍ 17 റണ്‍സെടുത്ത പാണ്ഡെ ബൗണ്ടറി ലൈനില്‍ ഗ്രാന്റ്‌ഹോമ്മിന്റെ മനോഹരമായി ക്യാച്ചില്‍ പുറത്തായി. ബോള്‍ട്ടിനായിരുന്നു വിക്കറ്റ്. ഒരു സിക്‌സുള്‍പ്പടെ 10 പന്തില്‍ 14 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും റണ്ണൊന്നുമെടുക്കാതെ എം എസ് ധോണിയും പുറത്താവാതെ നിന്നു. ന്യൂസിലന്‍ഡിനായി ടിം സൗത്തിയും ഇഷ് സോദിയും രണ്ടുവീക്കറ്റു വീതം നേടി. ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ കീവിസ് ആക്രമിച്ചു കളിച്ചെങ്കിലും തുടര്‍ച്ചയായി വിക്കറ്റുവീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ മല്‍സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. ആദ്യ ഓവറിലെ അവസാന പന്തില്‍ ഗുപ്റ്റിലിന്റെ വിക്കറ്റെടുത്ത് ഭുവനേശ്വര്‍ കുമാര്‍ കീവിസിനെ ഞെട്ടിച്ചു. കഴിഞ്ഞ കളിയിലെ വെട്ടിക്കെട്ട് ബാറ്റ്‌സ്മാന്‍ കോളിന്‍ മണ്‍റോ ആദ്യപന്തില്‍ സിക്‌സുമായി തുടങ്ങിയെങ്കിലും രണ്ടാം ഓവറില്‍ ബുംറയുടെ പന്തില്‍ രോഹിതിന് ക്യാച്ച് നല്‍കി മടങ്ങി. ഓപണിങ് തകര്‍ന്നതോടെ മല്‍സരം ഇന്ത്യയ്്ക്ക് അനുകൂലമായി. എട്ടു റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഹര്‍ദിക് പാണ്ഡ്യയുടെ ത്രോയില്‍ റണ്ണൗട്ടായി. കൂറ്റനടിക്ക് മുതിര്‍ന്ന ഗ്ലെന്‍ ഫിലിപ്‌സിനെ കുല്‍ദീവ് യാദവും ഹെന്റി നിക്കോള്‍സിനെ ബുംറയും പുറത്താക്കി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഗ്രാന്റ്‌ഹോം കിവീസിന് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍, ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് വേണ്ടപ്പോള്‍ 12 റണ്‍സ് നേടാനെ കീവിസിനായുള്ളു. രണ്ടു സിക്‌സുമായി 17 റണ്‍സെടുത്ത ഗ്രാന്റ്‌ഹോമും മൂന്ന് റണ്‍സെടുത്ത മിച്ചല്‍ സാന്ററും പുറത്താവാതെ നിന്നു. ഇന്ത്യയ്ക്കായി ബുംറ രണ്ടുവിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.ജസ്പ്രീത് ബൂംറയാണ് കളിയിലേയും പരമ്പരയിലേയും താരം.
Next Story

RELATED STORIES

Share it