ഗ്രീന്‍കാര്‍ഡിന് കാത്തിരിക്കുന്നവര്‍ക്ക് വിസാ കാലാവധി നീട്ടില്ല

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: അമേരിക്കയില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുഎസ് പുതിയ ബില്ല് കൊണ്ടുവരുന്നു. പുതിയ നയപ്രകാരം ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് എച്ച് വണ്‍ ബി വിസയുടെ കാലാവധി നീട്ടിനല്‍കില്ല. ഇതിലൂടെ വിദേശീയരുടെ നിര്‍ബന്ധിത രാജ്യംവിടലിന് വഴിയൊരുക്കുകയാണ് ട്രംപ് ഭരണകൂടം. ബില്ല് വരുന്നതോടെ ഐടി മേഖലയില്‍ അടക്കം 75,000 ഇന്ത്യക്കാരുടെ ജോലിയാണു നഷ്ടപ്പെടുക.
പുതിയ നയം ഗൗരവമായി ബാധിക്കുക ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നവരെയാവും. നിലവില്‍ ഏഴരലക്ഷത്തോളം ആളുകളാണ് ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നത്.
'അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങുക, അമേരിക്കക്കാര്‍ക്ക് ജോലി നല്‍കുക' എന്ന ട്രംപിന്റെ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. വിഷയത്തിലുള്ള ആശങ്ക നാസ്‌കോം യുഎസ് സെനറ്റര്‍മാരുടെയും അധികൃതരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും നാസ്‌കോം അധികൃതര്‍ പറഞ്ഞു. എച്ച് വണ്‍ ബി വിസ ദുരുപയോഗം ചെയ്യുന്നതു തടയുക, അമേരിക്കക്കാര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ചട്ടങ്ങള്‍ കര്‍ശനമാക്കുന്നത്.
സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള തൊഴില്‍മേഖലകളില്‍ വിദേശീയര്‍ക്ക് താല്‍ക്കാലികമായി തൊഴില്‍ നല്‍കാന്‍ ഉടമയെ അനുവദിക്കുന്നതാണ് എച്ച് വണ്‍ ബി വിസ. ഇവര്‍ക്ക് മൂന്നുവര്‍ഷം അമേരിക്കന്‍ കമ്പനികളില്‍ ജോലിചെയ്യാന്‍ ഇതിലൂടെ കഴിയും. കൂടാതെ മൂന്നുവര്‍ഷത്തേക്കു കൂടി വിസ പുതുക്കിയെടുക്കാം. അമേരിക്കയില്‍ സ്ഥിരവാസത്തിനുള്ള ഗ്രീന്‍കാര്‍ഡിന് അപേക്ഷിച്ച് കാത്തുനില്‍ക്കുന്നവരാണെങ്കില്‍ ഈ കാലാവധി പിന്നെയും നീട്ടിനല്‍കാനാവുമെന്നതായിരുന്നു നിലവിലെ സ്ഥിതി.
Next Story

RELATED STORIES

Share it