thrissur local

ഗ്രാറ്റിവിറ്റി നല്‍കിയില്ല; തോട്ടം തൊഴിലാളികള്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു

പുതുക്കാട്: തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാതെ ഹാരിസണ്‍ കമ്പനിയുടെ നിയമ ലംഘനം. തോട്ടം തൊഴിലാളികള്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. പാലപ്പിള്ളി ഹാരിസണ്‍ റബര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങിയത്.
ഹാരിസണ്‍ മുപ്ലി ഗ്രൂപ്പ് ഓഫിസിനു മുന്‍പിന്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് സമരം. കമ്പനിയുടെ രണ്ട് എസ്‌റ്റേറ്റുകളിലായി നാല്‍പത് വര്‍ഷത്തോളം പണിയെടുത്ത 58 പേര്‍ക്കാണ് ഗ്രാറ്റുവിറ്റി നല്‍കാനുള്ളത്.
രണ്ടു വര്‍ഷമായിട്ടും പല കാരണങ്ങള്‍ പറഞ്ഞ് കമ്പനി തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. ഓരോ തൊഴിലാളികള്‍ക്കും ശരാശരി രണ്ടര ലക്ഷം രൂപ വീതമാണ് ഗ്രാറ്റുവിറ്റിയായി കമ്പനി നല്‍കാനുള്ളത്.
തൊഴില്‍ നഷ്ടപ്പെടുകയും ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിക്കാതാവുകയും ചെയ്തതോടെ തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. പല തവണ അധികൃതര്‍ക്ക് മുന്‍പില്‍ എത്തി പ്രശ്‌നം അവതരിപ്പിച്ചുവെങ്കിലും യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
ഗതികെട്ട തൊഴിലാളികള്‍ കഴിഞ്ഞ മാസം കമ്പനിയുടെ ഓഫിസില്‍ കയറി ജീവനക്കാരെ തടഞ്ഞുവച്ചിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ടെങ്കിലും തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരവുമായി രംഗത്തെത്തിയത്. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ ശിവരാമന്‍ സമരം ഉദ്ഘാടനം ചെയ്തു.
ഐഎന്‍ടിയുസി നേതാവ് ജോസ് ചാലിശേരി അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ പി ജി മോഹനന്‍, ആന്റണി കുറ്റൂക്കാരന്‍, പി ജി വാസുദേവന്‍ നായര്‍ സംസാരിച്ചു. വ്യവസായ പ്രതിസന്ധിയുടെ മറവില്‍ തോട്ടമുടമകള്‍ തൊഴിലാളികള്‍ക്കു നേരെ കടന്നാക്രമണം നടത്തുകയാണെന്നും എല്ലാ രംഗത്തും ജോലി ഭാരം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുകയാണെന്നും സംയുക്ത ട്രേഡ് യൂണിയന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it