ഗ്രാമ പ്രതിരോധ സമിതി അംഗത്തിന്റെ വെടിയേറ്റ് അമ്മയും മകനും മരിച്ചു

ജമ്മു: ജമ്മു കശ്മീരിലെ രജൗറിയില്‍ ഗ്രാമ പ്രതിരോധ സമിതി (വിഡിസി) അംഗത്തിന്റെ വെടിയേറ്റ് ഒരു സ്ത്രീയും മൂന്ന് വയസ്സുള്ള മകനും കൊല്ലപ്പെട്ടു. മുഷ്താഖ് അഹ്മദ് എന്ന അംഗത്തിന്റെ വെടിയേറ്റ് ഷലീമ അക്തര്‍ എന്ന സ്ത്രീയും മുന്ന് വയസ്സുളള മകന്‍ തോഹിദുമാണ് മരിച്ചത്.
ഒരാഴ്ച മുമ്പ് മറ്റൊരു വിഡിസി അംഗത്തിന്റെ വെടിയേറ്റ് നാഷനല്‍ കോണ്‍ഫറന്‍സ് യുവ നേതാവ് ഇഷ്തിയാഗ് അഹ്മദ് കൊല്ലപ്പെട്ടിരുന്നു. നിരവധി അക്രമ സംഭവങ്ങളിലായി ജമ്മു കശ്മീരിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 90കളുടെ മധ്യത്തിലാണ് ഗ്രാമ പ്രതിരോധ സമിതികള്‍ രൂപീകരിച്ചത്. പോലിസിനോ സൈന്യത്തിനോ എത്തിപ്പെടാന്‍ സാധിക്കാത്ത ഗ്രാമങ്ങളില്‍ ഗ്രാമീണര്‍ക്ക് സൈനിക പരിശീലനവും ആയുധവും നല്‍കിയാണ് വിഡിസിയില്‍ അംഗമാക്കിയിരുന്നത്. സ്ത്രീയും മകനും വെടിയേറ്റ് മരിച്ച സംഭവം അന്വേഷിച്ചു വരികയാണെന്നും വെടി വച്ച വിഡിസി അംഗത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രജൗറി പോലിസ് സൂപ്രണ്ട് രാജേശ്വര്‍ സിങ് അറിയിച്ചു. സ്ത്രീയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷമായി സൗദി അറേബ്യയിലാണ്. നാഷനല്‍ കോണ്‍ഫറന്‍സ് അടക്കമുളള പ്രതിപക്ഷ കക്ഷികളും ജമ്മു കശ്മീരിലെ മറ്റു സംഘടനകളും വിഡിസികള്‍ പിരിച്ചുവിടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് ഈ ആവശ്യം നിരാകരിച്ചു. ഒരു രാഷ്ട്രീയ നേതാവ് തെറ്റു ചെയ്താല്‍ അതിന്റ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി പിരിച്ചുവിടാറില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
വിഡിസി ഉടന്‍ പിരിച്ചു വിട്ടില്ലെങ്കില്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ജനങ്ങളുടെ വന്‍ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് മുഖ്യവക്താവ് ആഗാ സെയ്ദ് റൂഹുല്ല മെഹ്ദി മുന്നറിയിപ്പു നല്‍കി.സായുധ സമിതിയെ സര്‍ക്കാരാണ് സംരക്ഷിക്കുന്നതെന്നും മുഖ്യമന്ത്രിയാണിതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗീലാനിയും വിഡിസികള്‍ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു
Next Story

RELATED STORIES

Share it