kozhikode local

ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനംക്ലാസ് മുറികള്‍ കുന്ദമംഗലത്തേക്ക് മാറ്റാന്‍ അനുമതി തേടും

കോഴിക്കോട്: കാനറ ബാങ്കിന്റെ ഉടമസ്ഥതയില്‍ കോഴിക്കോട് ബ്ലോക്കില്‍ നടത്തുന്ന ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ക്ലാസ് മുറികള്‍ മാത്തറയില്‍ നിന്നും കുന്നമംഗലം ബ്ലോക്കിലെ എസ്‌സിഎസ്ടി ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റാനായി ജില്ലാ വികസന സമിതി യോഗത്തില്‍ അനുമതി തേടാന്‍ തീരുമാനിച്ചു.
എഡിഎം ടി ജനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.  നിലവില്‍ സ്വന്തമായി കെട്ടിട സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥാപനത്തിന് വടകര താലൂക്കില്‍ 42 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയായാലുടന്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കും. മാത്തറയില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ജല ദൗര്‍ലഭ്യത അടക്കമുള്ള പ്രശ്‌നങ്ങളുള്ളതിനാലാണ് കുന്നമംഗലത്തേക്ക് പരിശീലന കേന്ദ്രം മാറ്റാനായി അനുമതി തേടുന്നത്.  ജില്ലയിലെ തൊഴില്‍രഹിതരായ യുവതീ, യുവാക്കളെ വിവിധ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ കോഴ്‌സുകള്‍ കേന്ദ്രത്തില്‍ അഭ്യസിപ്പിക്കുന്നത്.
കൂണ്‍ കൃഷി, മല്‍സ്യ കൃഷി, ആട് വളര്‍ത്തല്‍, ടൈലറിങ്ങ്, അലൂമിനിയം ഫാബ്രിക്കേഷന്‍, എംബ്രോയിഡറി ആന്‍ഡ് ഫാബ്രിക് പെയിന്റിങ്, സെല്‍ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസിങ്്, ബേസിക് ഫോട്ടോഗ്രഫി ആന്‍ഡ് വീഡിയോഗ്രഫി തുടങ്ങി ഇരുപതോളം ഹ്രസ്വകാല കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്.
2010 ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 18നും 45 നും ഇടയ്ക്ക് പ്രായമുള്ള ഒട്ടേറെ പേര്‍ വിവിധ കോഴ്‌സുകളില്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് ആര്‍സെറ്റി ഡയറക്ടര്‍ ടി കൃഷ്ണനുണ്ണി യോഗത്തില്‍ അറിയിച്ചു.
തുടര്‍ന്ന് പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കാനറ ബാങ്ക് റീജ്യണല്‍ ഡെപ്യൂട്ടി മാനേജര്‍ ടി സി പവിത്രന്‍, എല്‍ഡിഎം പി എല്‍സുനില്‍, പി ഡി രവീന്ദ്രന്‍, കെ ബീരാന്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it