ernakulam local

ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ വാട്ടര്‍ ടാങ്ക് അപകടാവസ്ഥയിലെന്ന്‌



പെരുമ്പാവൂര്‍:  രായമംഗലം പഞ്ചായത്തിലെ പുലിമലയില്‍ സ്ഥാപിച്ചിട്ടുള്ള ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ  വാട്ടര്‍ ടാങ്ക് അപകടാവസ്ഥയിലെന്നും ടാങ്കിനു ചുറ്റും തുടരുന്ന അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി രംഗത്ത്. വാട്ടര്‍ ടാങ്ക് നേരിടുന്ന അപകട ഭീഷണി സംബന്ധിച്ച് കേരള ജല അതോറിറ്റി അധികൃതര്‍ തുടര്‍ച്ചയായി നല്‍കിയ മുന്നറിയിപ്പുകള്‍ റവന്യു വകുപ്പും ഗ്രാമപഞ്ചായത്തും അവഗണിച്ച് അനധികൃത പാറഖനനത്തിനും മണ്ണെടുപ്പിനുമെതിരെ നിശബ്ദത പാലിക്കുകയാണെന്ന് വ്യക്തമാക്കി കര്‍മ്മ സമിതി ചെയര്‍മാന്‍ വര്‍ഗീസ് പുല്ലുവഴി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.വാട്ടര്‍ ടാങ്കിനു സംഭവിച്ച ബലക്ഷയം പരിഹരിക്കുവാനോ പുതിയ ടാങ്ക് നിര്‍മ്മിക്കുവാനോ ആവശ്യമായ മുഴുവന്‍ ചിലവും പുലിമലയില്‍ അനധികൃത ഖനനം നടത്തിവരുന്ന സ്വകാര്യ വ്യക്തി, നിയമ നടപടികള്‍ സ്വീകരിക്കാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും ഈടാക്കണം. ആറ് വര്‍ഷമായി പുലിമലയില്‍ നിന്നും അനുമതി ഇല്ലാതെ നീക്കം ചെയ്ത ചുരുങ്ങിയത് 15 ലക്ഷം മെട്രിക് ടണ്‍ പാറക്കും 10 ലക്ഷം മെട്രിക് ടണ്‍ മണ്ണിനും റോയല്‍റ്റി ഇനത്തില്‍ അഞ്ച് കോടി രൂപയോളം നഷ്ട പരിഹാരമായി ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.പുലിമടയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് 2.51 ആര്‍ വിസ്തൃതി വരുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലാണ് ശുദ്ധജല വിതരണ പദ്ധതിയുടെ വാട്ടര്‍ടാങ്ക് സ്ഥാപിച്ചിട്ടുള്ളത്. വാട്ടര്‍ ടാങ്കിലേക്കുള്ള വഴിയില്‍ 20 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത് മാറ്റിയിട്ടുള്ളതിനാല്‍ ജല അതോറിറ്റി ജീവനക്കാര്‍ക്ക് അവിടെ എത്തിച്ചേരുന്നതിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ടാങ്കിനു ചുറ്റും ഉയരത്തില്‍ കാട് വളര്‍ന്നു നില്‍ക്കുകയാണ്.പുലിമലയില്‍ സ്ഥലം വാങ്ങിക്കൂട്ടിയ സ്വകാര്യ വ്യക്തി 2010 മുതലാണ് ഇവിടെ നിന്നും പാറയും മണ്ണും ഖനനം ചെയ്യാന്‍ തുടങ്ങിയത്. 2014-15 വര്‍ഷങ്ങളില്‍ മാത്രമാണ് ഇയാളുടെ പേരില്‍ കണ്‍സോളിഡേറ്റഡ് റോയല്‍റ്റി അടിസ്ഥാനത്തില്‍ 42.45 ആര്‍ സ്ഥലത്ത് പാറ ഖനനത്തിന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടായിരുന്നത്.09-02-2015 ല്‍ ഈ അനുമതിയുടെ കാലാവധി അവസാനിച്ചെങ്കിലും വ്യാജരേഖകല്‍ വഴിയും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഇപ്പോഴും പാറ ഖനനം തുടരുന്നതായി പരാതിയില്‍ പറയുന്നു.പുലിമല പ്രദേശത്ത് വാട്ടര്‍ ടാങ്കിനോട് ചേര്‍ന്നുള്ള 10 സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിന് മണ്ണ് നീക്കം ചെയ്യുവാന്‍ മറ്റൊരു വ്യക്തിയുടെ പേരില്‍ രായമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും മൈനിംഗ് ആന്റ് ജിയോളജി അധികൃതരെയും സ്വാധീനിച്ച് തരപ്പെടുത്തിയ അനുമതിയുടെ മറവിലാണ് വ്യാപകമായ തോതില്‍ മണ്ണ് നീക്കം ചെയ്തു വരുന്നത്.2015 ഡിസംബര്‍ 29 ന്   ഈ അനുമതിയുടെ കാലാവധി അവസാനിച്ചെങ്കിലും കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് അനധികൃത മണ്ണെടുപ്പ് തുടര്‍ന്നു വരുന്നതെന്നും പരാതിയില്‍ വ്യക്തമാക്കി. പുലിമല പ്രദേശത്തെ വാട്ടര്‍ ടാങ്കിനോട് ചേര്‍ന്നുള്ള 10 ഏക്കറോളം പ്രദേശത്ത് 60 അടിഉയരത്തില്‍ വ്യാപിച്ചു കിടക്കുന്ന വലിയൊരു കുന്നാണ് ഇതിനോടകം ഇല്ലാതായത്.
Next Story

RELATED STORIES

Share it