kozhikode local

ഗ്രാമീണ ഗവേഷണ ഫലങ്ങളുടെ വ്യവസായവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കണം

കോഴിക്കോട്: ഗ്രാമീണ ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലെത്തുന്നതിന് വ്യവസായവല്‍ക്കരണം അനിവാര്യമാണെന്നും അതിനുവേണ്ട ഭൗതിക സാഹചര്യമൊരുക്കി അര്‍ഹിക്കുന്ന പ്രോല്‍സാഹനം നല്‍കണമെന്നും ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു. ജൂബിലി ഹാളില്‍ നടക്കുന്ന ത്രിദിന ഗ്രാമീണ ഗവേഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലകളിലെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് നാട്ടുസാങ്കേതികവിദ്യകള്‍ക്കു വര്‍ധിച്ച പ്രസക്തിയുണ്ടെന്നും എന്നാല്‍ ഇത്തരം സാങ്കേതികവിദ്യകള്‍ കുറ്റമറ്റ രീതിയില്‍ മെച്ചപ്പെടുത്താനും വര്‍ധിച്ച ഗുണനിലവാരം ഉറപ്പുവരുത്താനും പ്രത്യേകം ശ്രദ്ധപതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ സാങ്കേതികവിദ്യകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്നും അത്തരം ഗവേഷകര്‍ക്ക് സാമ്പത്തിക സാങ്കേതിക സഹായം നല്‍കിവരുന്നുണ്ടെന്നും യോഗത്തില്‍ അധ്യക്ഷനായ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി പ്രഫ. ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.
സിഡബ്ല്യൂആര്‍ഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നരസിംഹ പ്രസാദ്, ഡോ. ആര്‍ വി ജി മേനോന്‍, എന്‍ഐടി രജിസ്ട്രാര്‍ ഡോ. ബി സുകുമാര്‍, പ്ലാനിങ് ബോര്‍ഡ് ചീഫ് എന്‍ ആര്‍ ജോയി, സി-സ്‌റ്റെഡ് ഡയറക്ടര്‍ ഡോ. അജിത്പ്രഭു, രജിസ്ട്രാര്‍ ടി വി ശങ്കരന്‍ സംസാരിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സി- സ്റ്റെഡും ഇന്നവേഷന്‍ കൗണ്‍സിലുമായി സംയുക്തമായി സംഘടിപ്പിക്കുന്നതാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സംഗമം. നൂറോളം നാട്ടു ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്നുണ്ട്. നവീന ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it