malappuram local

ഗ്രാമീണ കാര്‍ഷിക ചന്ത ഉദ്ഘാടന ദിവസം തന്നെ പൂട്ടി

എടപ്പാള്‍: കൊട്ടിഘോഷിച്ച് എടപ്പാളില്‍ ഉദ്ഘാടനം ചെയ്ത ഗ്രാമീണ കാര്‍ഷിക ചന്ത ഉദ്ഘാടനം ചെയ്ത ദിവസംതന്നെ പൂട്ടി. ഗ്രാമീണ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും കര്‍ഷകര്‍ക്ക് ആവശ്യമായ കാര്‍ഷിക ഉപകരണങ്ങളും വിത്തും വളവും വാങ്ങുന്നതിനുമായി സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുന്ന ഗ്രാമീണ കാര്‍ഷിക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു എടപ്പാളില്‍ ഗ്രാമീണ കാര്‍ഷിക ചന്ത ആരംഭിച്ചത്. സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍കുമാറും തദേശ മന്ത്രി കെ ടി ജലീലും പങ്കെടുത്ത ചന്തയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ നവംബര്‍ 25ന് നടത്തിയിരുന്നു.ആഴ്ചതോറും ഇവിടെ ചന്ത നടക്കുമെന്നും കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ന്യായവിലക്ക്്് ചന്തയിലൂടെ വിറ്റഴിക്കുമെന്നും ഇതിനായി സംസ്ഥാന കുടുംബശ്രീ മിഷന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്നുമായിരുന്നു ഉദ്ഘാടന സമ്മേളനത്തിലെ പ്രഖ്യാപനം. തുടര്‍ന്ന്് കാര്‍ഷിക വിദഗ്ധര്‍ നല്‍കിയ വിവിധ ക്ലാസുകളും നടന്നു. കര്‍ഷകര്‍ കൊണ്ടുവന്ന വിത്തുകളും വളങ്ങളും വൃക്ഷത്തൈകളും കാര്‍ഷിക യന്ത്രങ്ങളും വില്‍പ്പനയ്ക്കായി വച്ചിരുന്നെങ്കിലും ഇവയില്‍ കുറെയേറെ സാധനങ്ങള്‍ കര്‍ഷകര്‍ വാങ്ങുകയും ചെയ്തു. എന്നാല്‍ ഈ ഗ്രാമീണ ചന്തയ്ക്ക് തുടര്‍ച്ചയുണ്ടായില്ലെന്നുമാത്രമല്ല ഇതിനായി ഒരുക്കിയ പന്തല്‍ പിറ്റേന്നുതന്നെ പൊളിച്ചു മാറ്റുകയും ചെയ്തു. ഒരു ദിവസത്തെ ഉദ്ഘാടന ചടങ്ങിനുമാത്രമായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതൊഴിച്ചാല്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ഇതുകൊണ്ട് യാതൊരു നേട്ടവുമുണ്ടായിട്ടില്ല. ആഴ്ചയിലൊരിക്കല്‍ ഗ്രാമീണ ചന്തയുണ്ടാകുമെന്ന അധികൃതരുടെ പ്രഖ്യാപനവും പാഴ്‌വാക്കായി മാറുകയാണുണ്ടായത്.
Next Story

RELATED STORIES

Share it