malappuram local

ഗ്രാമസഭകളില്‍നിന്നു വിട്ടുനിന്ന് ഭരണസമിതി അംഗങ്ങള്‍

മലപ്പുറം:  കഅ്ബയെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചത് വിവാദമായതിനെ തുടര്‍ന്ന് പൊതു പരിപാടികള്‍ വിട്ടുനിന്ന് ഇടത് ഭരണസമിതി അംഗങ്ങള്‍. പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ഇടതു ജനപ്രതിനിധികളുമാണ് ഇന്നലെ നടന്ന ഗ്രാമസഭകളില്‍ പങ്കെടുക്കാതെ മുങ്ങിയത്. മൂന്ന്, നാല് വാര്‍ഡുകളുടെ ഗ്രാമസഭയാണ് ഇന്നലെ വിളിച്ചിരുന്നത്. രാവിലെയും ഉച്ചയ്ക്കുശേഷവുമായി നടന്ന ഗ്രാമസഭയില്‍ അധ്യക്ഷത വഹിക്കേണ്ട പ്രസിഡന്റ് യോഗത്തിനെത്തിയില്ല. പകരം വൈസ് പ്രസിഡന്റിനെ പറഞ്ഞയക്കാനും തയ്യാറായില്ല. ലൈഫ് ഗുണഭോക്താക്കളെ അംഗീകരിക്കുന്ന വളരെ പ്രധാനപ്പെട്ട യോഗത്തില്‍ നിന്നാണ് ഉത്തരവാദിത്ത്വപ്പെട്ടവര്‍ വിട്ടുനിന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് അംഗമാണ് പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കഅ്ബയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ശിവലിംഗം ചേര്‍ത്ത ചിത്രം പ്രചരിപ്പിച്ചത്. പഞ്ചായത്തിന്റെ ഓദ്യോഗിക അറിയിപ്പുകള്‍ ഉദ്യോഗസ്ഥരെയും അറിയിക്കുന്നതിനുവേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ്. ഇത്തരം ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും മതസ്പര്‍ദ വളര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനം നടത്തുകയും ചെയ്ത പഞ്ചായത്തംഗത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കഴിഞ്ഞ ദിവസം പ്രക്ഷോഭം ആരംഭിച്ചിരുന്നു. സംഭവത്തിന്റെ ജാള്യത മറക്കാനാണ് ഭരണസമിതിയുടെ ഒളിച്ചോട്ടമെന്ന് യുഡിഎഫ് അംഗങ്ങള്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it